സേലം: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. ഇവിടെ നിന്ന് ഷവർമ കഴിച്ച 43 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പാരമതി വേലൂറിന് സമീപമുള്ള റെസ്റ്റോറന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ചയാണ് പെൺകുട്ടി ഇവിടെ നിന്ന് ഷവർമ കഴിച്ചത്. മാതാപിതാക്കൾക്കും സഹോദരനും ബന്ധുവിനും ഒപ്പം എത്തിയാണ് ഭക്ഷണം കഴിച്ചത്.ഫ്രൈഡ് റൈസും, ഷവർമയും ഇറച്ചി വിഭവങ്ങളുമാണ് ഇവർ ഇവിടെ നിന്ന് കഴിച്ചത്. വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടി ഛർദ്ദിക്കാൻ ആരംഭിച്ചു. പനിയും ക്ഷീണവും അനുഭവപ്പെട്ടതോടെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മരുന്ന് വാങ്ങി തിരികെ എത്തിയ പെൺകുട്ടിയെ ഇന്നലെ വീടിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ ഹോട്ടൽ ഉടമയേയും മറ്റ് രണ്ട് ജീവനക്കാരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകൾ ആശുപത്രിയിലായതിന് പിന്നാലെ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി ഈ റെസ്റ്റോറന്റ് അടപ്പിച്ചു. ഇതോടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷവർമയ്ക്കും തന്തൂർ വിഭവങ്ങൾക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചു.
Post Your Comments