ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പിക്ക് മി അപ്പ്’ സേവനത്തിന് ഇന്ത്യയിലും തുടക്കമിട്ട് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി. ഷവോമി പുറത്തിറക്കുന്ന ഹാൻഡ്സെറ്റുകളുടെ റിപ്പയർ വർക്കുകൾ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സേവനത്തിന് രൂപം നൽകിയത്. ഫോണുകൾ തകരാറിലായാൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഷവോമി സർവീസ് സെന്റർ തിരഞ്ഞുനടക്കേണ്ടി വരില്ല എന്നതാണ് പിക്ക് മി അപ്പ് സേവനത്തിന്റെ പ്രധാന പ്രത്യേകത. ഇതിന് പകരമായി ഷവോമി പ്രതിനിധികൾ ഉപഭോക്താക്കളുടെ വീടുകളിലോ, ഓഫീസുകളിലോ നേരിട്ടെത്തി തകരാറിലായ ഹാൻഡ്സെറ്റ് കൈപ്പറ്റുന്നതാണ്.
ഷവോമി സർവീസ് പ്ലസ് ആപ്പിലൂടെയാണ് ഉപഭോക്താക്കൾക്ക് പിക്ക് മി അപ്പ് സേവനം ലഭിക്കുക. ആപ്പിന്റെ പ്രധാന ഇന്റർഫേസിൽ ഇവർ ദൃശ്യമാകുന്നതാണ്. ഇതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ രേഖപ്പെടുത്തിയാൽ ഫോണുകൾ ഉപഭോക്താക്കളിൽ നിന്ന് വാങ്ങുകയും, അറ്റകുറ്റപ്പണികൾക്കുശേഷം തിരികെ എത്തിക്കുന്നതുമാണ്. ഈ സേവനം ഉപയോഗപ്പെടുത്താൻ പ്രത്യേക നിരക്കുകൾ ഷവോമി ഈടാക്കുന്നുണ്ട്. 199 രൂപയും ജിഎസ്ടിയുമാണ് പിക്ക് മി അപ്പ് സേവനത്തിന് ഈടാക്കുന്ന നിരക്ക്. എന്നാൽ, വീട്ടിൽ നിന്ന് പിക്ക് ചെയ്യുന്നതിന് മാത്രമോ, അല്ലെങ്കിൽ തിരികെ എത്തിക്കുന്നതിന് മാത്രമോ ആണ് പിക്ക് മി അപ്പ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതെങ്കിൽ 99 രൂപ നൽകിയാൽ മതിയാകും.
Post Your Comments