ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലേക്ക് ഇനി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. ഭൂട്ടാനിലേക്ക് ട്രെയിൻ മുഖാന്തരമുള്ള ഗതാഗത സംവിധാനത്തിനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽവേ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഭൂട്ടാനിലേക്കും റെയിൽവേ ലൈനുകൾ ദീർഘിപ്പിക്കുന്നത്. അസാമിലെ അതിർത്തി പ്രദേശമായ കോക്രാജാറിൽ നിന്ന് ഭൂട്ടാനിലെ സർപാംഗിലുളള ഗെലേഫു വരെയാണ് റെയിൽപാത സജ്ജീകരിക്കുക. 2026-നകം പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ.
ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റെയിൽപാത വരുന്നതോടെ, അസാം അടക്കമുള്ള വടക്ക്- കിഴക്കൻ സംസ്ഥാനങ്ങൾക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിയുന്നതാണ്. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് റെയിൽവേ സജ്ജമായാൽ, വ്യാപാര, വാണിജ്യ, യാത്രാ സൗകര്യങ്ങൾ കൂടുതൽ സുഗമമാകും. കൂടാതെ, ഇവ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് പകരുന്നതാണ്. 2005-ലാണ് ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ സംവിധാനം വേണമെന്ന ചർച്ചകൾ ആരംഭിച്ചതെങ്കിലും, 2018-ലാണ് ഈ പദ്ധതിക്ക് തറക്കല്ലിടുന്നത്. ഘട്ടം ഘട്ടമായി മറ്റ് പ്രദേശങ്ങളിലേക്കും റെയിൽവേ പദ്ധതി നീട്ടാൻ സാധ്യതയുണ്ട്.
Post Your Comments