ഊട്ടി: തമിഴ്‌നാട്ടിലെ ഊട്ടിയിൽ രണ്ട് കടുവകൾ ദുരൂഹ സാഹചര്യത്തിൽ ചത്തതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഊട്ടിയിലെ അവലാഞ്ചി പ്രദേശത്തിനടുത്തുള്ള തോട്ടിൽ നിന്നാണ് വലിയ കടുവകളുടെ ജഡം കണ്ടെത്തിയത്. രണ്ട് കടുവകൾ ചത്തതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രാദേശിക വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രണ്ട് കടുവകളുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
കടുവകൾക്ക് വിഷം കൊടുത്തതാണോ അതോ ഏറ്റുമുട്ടലിനിടെ മരണപ്പെട്ടതാണോ എന്ന സംശയം ഉണ്ട്. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ നീലഗിരിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം മരണപ്പെട്ട കടുവകളുടെ ആകെ മരണസംഖ്യ ആറായി.
ഓഗസ്റ്റ് 17ന് മുതുമല കടുവാ സങ്കേതത്തിൽ ഒരു കടുവയെയും സിഗൂർ റേഞ്ചിൽ രണ്ട് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തി. നേരത്തെ തമിഴ്‌നാട്ടിലെ നടുവട്ടത്ത് തേയിലത്തോട്ടത്തിൽ 17 വയസ്സുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് രണ്ട് വലിയ കടുവകളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
Post Your Comments