പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന്‍ ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്‍റെ ജെയ്‌ക് സി തോമസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ സ്വന്തം പേരിലാക്കിയത്. ചാണ്ടി ഉമ്മന്റെ വിജയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പുതുപ്പള്ളിയിലേത് രാഷ്ട്രീയ മത്സരമാക്കിയത് സി.പി.എം ആണെന്ന് മറക്കരുതെന്നും, ചാണ്ടി ഉമ്മന്റെ മഹാവിജയത്തെ ഇനി ഒരു സഹതാപ തരംഗത്തിൽ തളച്ചിടാനോ, ‘തോറ്റത് പുതുപ്പള്ളിയാണ്’ എന്ന സ്വരാജമന്ത്രം ഉരുവിടാനോ നിൽക്കരുതെന്നും ശ്രീജിത്ത് പണിക്കർ ഉപദേശിക്കുന്നുണ്ട്.
‘പുതുപ്പള്ളിയിലേത് രാഷ്ട്രീയ മത്സരമാക്കിയത് സിപിഎമ്മാണ് എന്നതു മറന്നുകൂടാ. അതുകൊണ്ട് ചാണ്ടി ഉമ്മന്റെ മഹാവിജയത്തെ ഇനി ഒരു സഹതാപ തരംഗത്തിൽ തളച്ചിടാനോ, ‘തോറ്റത് പുതുപ്പള്ളിയാണ്’ എന്ന സ്വരാജമന്ത്രം ഉരുവിടാനോ ഇനി നിൽക്കരുത്. പുതുപ്പള്ളിക്കാർ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഉള്ള സ്വന്തം രാഷ്ട്രീയ ചായ്‌വുകൾ പോലും മറന്ന് ചാണ്ടി ഉമ്മന് സമ്മതിദാനം നൽകിയത് ഒരു ശക്തമായ താക്കീതാണ് — ഉമ്മൻ ചാണ്ടിക്കും, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും, മകൾക്കും എതിരായ ദുഷ്പ്രചരണത്തിനുള്ള താക്കീത്. ഈ വിജയം ചാണ്ടി ഉമ്മന്റേത് എന്നതുപോലെ പുതുപ്പള്ളിയുടേതുമാണ്. അഭിനന്ദനങ്ങൾ’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, 12 നിയമസഭകളിലായി നീണ്ട 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് ഇത്തവണത്തെ ചാണ്ടി ഉമ്മന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന് ലഭിച്ചത്. യു.ഡി.എഫ് 78649 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്‍റെ ജെയ്‌ക് സി തോമസിന് 41982 ഉം എന്‍.ഡി.എയുടെ ജി ലിജിൻ ലാലിന് 6447 വോട്ടുമേ കിട്ടിയുള്ളൂ. എല്‍ഡിഎഫിന് 2021നേക്കാള്‍ 12648 വോട്ടുകള്‍ കുറഞ്ഞതാണ് ഏറ്റവും എടുത്തുപറയേണ്ട കണക്ക്. അതേസമയം യുഡിഎഫിന് 14726 വോട്ടുകള്‍ കൂടി.
Post Your Comments