AlappuzhaKeralaNattuvarthaLatest NewsNews

മാലിന്യവാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ചു: പ്രതികൾ പിടിയിൽ

പള്ളിക്കൽ പഴകുളം എൽപി സ്കൂളിനു സമീപത്തെ ഷാനു (25), പള്ളിക്കൽ ചരുവയ്യത്ത് മേലേതിൽ വീട്ടിൽ മുഹമ്മദ് ഷാൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിന് അകമ്പടിയായി മോഷ്ടിച്ച ബൈക്ക് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ച പ്രതികള്‍ പിടിയില്‍. പള്ളിക്കൽ പഴകുളം എൽപി സ്കൂളിനു സമീപത്തെ ഷാനു (25), പള്ളിക്കൽ ചരുവയ്യത്ത് മേലേതിൽ വീട്ടിൽ മുഹമ്മദ് ഷാൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ച് 27-ന് പുലർച്ചെ 2.30-ന് അടൂർ പെരിങ്ങനാട് പുത്തൻചന്ത ജംഗ്ഷന് സമീപമുള്ള കടയുടെ മുൻവശത്ത് ഇരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനമാണ് പ്രതികൾ മോഷ്ടിച്ചത്. അടൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തമിഴ്‌നാട് കന്യാകുമാരി ജില്ലയിലുള്ള ജസ്റ്റിൻ രാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. ഒന്നാം പ്രതിയായ ഷാനുവിന് അടൂർ പഴകുളം കേന്ദ്രീകരിച്ച് മാലിന്യം കൊണ്ടു പോകുന്ന വാഹനം ഉണ്ടായിരുന്നു. ഈ വാഹനം പൊലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി അകമ്പടി പോകുന്നതിനാണ് മോഷ്ടിച്ച ബൈക്ക് പ്രതികൾ ഉപയോ​ഗിച്ചത്. കണ്ടുപിടിക്കാതിരിക്കാന്‍ വാഹനത്തിന് കോഴിക്കോടുള്ള രജിസ്ട്രേഷൻ നമ്പർ പുതുതായി ഘടിപ്പിച്ചു.

Read Also : പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റും: അനുമതി ലഭിച്ചതായി മന്ത്രിമാർ

കോഴിക്കോടുള്ള രജിസ്ട്രേഷൻ നമ്പർ യഥാർത്ഥ ഉടമയായ മാറാട് സ്വദേശി മിഥുൻ വിവേക് എന്നയാൾക്ക് സ്ഥിരമായി വാഹനത്തിന്റെ നിയമലംഘനത്തിന് ക്യാമറ പിഴ അറിയിപ്പ് വന്നതോടെയാണ് പ്രതികൾ കുടുങ്ങിയത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാമറയിൽ സ്ഥിരമായി കുടുങ്ങിയതിനാൽ കോഴിക്കോടുള്ള ആര്‍ സി ഉടമ നൂറനാട് പൊലീസിൽ വിവരമറിച്ചു. നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പ്രതികളെ അടൂർ നിന്നും വാഹനം സഹിതം പിടികൂടിയത്.

ഇതിലെ ഒന്നാം പ്രതി ഷാനു ശാസ്താംകോട്ട, അടൂർ, നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടിക്കേസിലെ പ്രതി ആണ്. പഴകുളം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന മാലിന്യം കൊണ്ടു പോകുകയും വഴിയരികിൽ മാലിന്യം ഉപേക്ഷിക്കുകയും ചെയ്യുന്ന മാഫിയയുടെ മുഖ്യ കണ്ണിയാണ് ഷാനു.

നൂറനാട് സി ഐ ശ്രീജിത്ത് പി, എസ് ഐ നിതീഷ്, എസ് ഐ സുഭാഷ് ബാബു, സി പി ഒ മാരായ വിഷ്ണു, ജംഷാദ്, ജയേഷ്, റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button