
കൊണ്ടോട്ടി: മലപ്പുറത്ത് ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി സംഘം ചേര്‍ന്നു ആക്രമിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ ആണ് സംഭവം. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ മൂസയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അർധരാത്രിയോടെ ഉറങ്ങുന്ന മൂസയെ വീട്ടിലെത്തി ഒരു സംഘം വിളിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറുയന്നു. തുടർന്ന് റോഡിൽ വച്ച് കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മൂസയെ അക്രമി സംഘം പിന്തുടർന്നും അക്രമിച്ചു. മൂസയുടെ കരച്ചിൽ കേട്ട് എത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലാക്കിയത്. മയക്കുമരുന്ന് സംഘമാണ് മൂസയെ ആക്രമിച്ചതെന്ന് സഹോദരൻ ഉസ്മാൻ പറയുന്നു. ഗുരുതര പരുക്കേറ്റ മൂസ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലും കഴുത്തിലും മാരകമായ മുറിവുകളുണ്ട്.
Post Your Comments