Latest NewsKeralaNews

പെട്ടന്നൊരു ദിവസം ആശുപത്രി ജോലി രാജിവച്ചു; അതേ ആശുപത്രിയിലേക്ക് പിന്നീടെത്തിയത് ജീവനില്ലാതെ, നോവായി അപർണയുടെ മരണം

തിരുവനന്തപുരം: സിനിമ, സീരിയൽ നടി അപർണ നായരുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. അഭിനയത്തിനിടെ ആശുപത്രി ജീവനക്കാരിയായും താരം ജോലി ചെയ്തിരുന്നു. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു നടി. ഒരു വർഷത്തോളമായി ഇവിടെ ജോലി ചെയ്യുകയായിരുന്ന അപർണ 15 ദിവസം മുൻപ് ജോലി രാജി വെച്ചിരുന്നു. പെട്ടെന്നായിരുന്നു രാജി. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്നാണ് രാജി വയ്ക്കാൻ കാരണമായി പറഞ്ഞത്. എന്നാൽ പിന്നീട് അതേ ആശുപത്രിയിൽ ജീവനറ്റ നിലയിൽ അപർണ എത്തിയതും നോവായി.

നടിയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു. അമ്മയെ വീഡിയോ കോൾ ചെയ്ത് ‘ഞാൻ പോകുന്നു’ എന്ന് നടി പറഞ്ഞതായി റിപ്പോർട്ട്. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് നടി കുറെ കരയുകയും പിന്നീട് ഫോൺ കട്ടാക്കുകയും ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് നടിയുടെ ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ നടി മരണപ്പെട്ടിരുന്നു. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു.

ജനപ്രിയ സീരിയലുകളിലെ സജീവ സാന്നിധ്യമായിരുന്ന താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സജീവമായിരുന്ന അപർണ മരിക്കുന്നതിന് തൊട്ടുമുമ്പും സന്തോഷകരമായ നിമിഷങ്ങളാണ് സൈബർ ഇടങ്ങളിൽ പങ്കുവെച്ചത്. ഞെട്ടലോടെയാണ് അപർണ്ണയുടെ മരണം ആരാധകരും സുഹൃത്തുക്കളും സ്വീകരിച്ചത്. ഇപ്പോഴും അപർണ്ണയുടെ മരണം വിശ്വസിക്കാൻ പ്രിയപെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പട്ടം സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ വർഷം പിടിഎയുടെ എക്സിക്യൂട്ടീവുമാരിൽ ഒരാൾ ആയിരുന്നു അപർണ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button