PathanamthittaLatest NewsKeralaNews

ഭക്തി സാന്ദ്രമായി സന്നിധാനം, ഓണനാളുകളിലെ പൂജകൾക്കായി നട തുറന്നു

ഇന്ന് 5,000 പേർക്കുള്ള സദ്യവട്ടങ്ങളാണ് ഒരുക്കുന്നത്

ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5.00 മണിക്കാണ് നട തുറന്നത്. ഭക്തജനങ്ങൾക്കായി ഇന്ന് സന്നിധാനത്ത് ഉത്രാടസദ്യ ഒരുക്കിയിട്ടുണ്ട്. പതിവ് പൂജകൾക്കും, അഭിഷേകത്തിനും ശേഷം രാവിലെ 10:30-ന് സന്നിധാനത്തെ തെക്കേ നിലവറയോട് ചേർന്നുള്ള അന്നദാനപ്പുരയിലാണ് ഉത്രാടസദ്യ വിളമ്പുന്നത്. മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയുടെ വകയാണ് ഇന്ന് ഉത്രാടസദ്യ സമർപ്പിക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരും, സന്നിധാനം കീഴ്ശാന്തിയും, പരികർമ്മികളും ചേർന്ന് അയ്യപ്പക്ഷേത്രത്തിനു മുന്നിൽ സദ്യ വിളമ്പുന്നതാണ്.

ഇന്ന് 5,000 പേർക്കുള്ള സദ്യവട്ടങ്ങളാണ് ഒരുക്കുന്നത്. തിരുവോണം നാളിലും, അവിട്ടം നാളിലും, ചതയം നാളിലും സന്നിധാനത്ത് സദ്യ ഉണ്ടാകും. തിരുവോണം നാളിൽ ദേവസ്വം ജീവനക്കാരുടെയും, അവിട്ടം നാളിൽ സന്നിധാനം പോലീസ് ഉദ്യോഗസ്ഥരുടെയും, ചതയം നാളിൽ ഒരു ഭക്തന്റെയും വഴിപാടായാണ് സദ്യ ഒരുക്കുന്നത്. ചങ്ങനാശ്ശേരി കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 21 അംഗ പാചക വിദഗ്ധരാണ് സദ്യ തയ്യാറാക്കുന്നത്. ഓണനാളിലെ പൂജകൾ പൂർത്തിയാക്കി 31-ന് രാത്രി 10:00 മണിക്ക് നട അടയ്ക്കുന്നതാണ്. കന്നി മാസ പൂജകൾക്കായി സെപ്റ്റംബർ 17-നാണ് വീണ്ടും നട തുറക്കുക.

Also Read: ഓണാട്ടുകരയുടെ പരദേവതയായ സ്വന്തം ചെട്ടികുളങ്ങരയമ്മ…

shortlink

Related Articles

Post Your Comments

Related Articles


Back to top button