കോട്ടയം: പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ ട്വിസ്റ്റ്. പി.ഒ സതിയമ്മയ്ക്ക് എതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസ് എടുത്തു. ലിജിമോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ പ്രതികരിച്ച് സതിയമ്മ രംഗത്ത്. കേസ് നിയമപരമായി നേരിടുമെന്നും മറ്റുകാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും സതിയമ്മ പറഞ്ഞു. പ്രമുഖ ചാനലിനോടായിരുന്നു ഇവരുടെ പ്രതികരണം.
‘ആ കുട്ടിയോട് ചോദിച്ചിട്ട് മാത്രമാണ് ചെയ്തത്. ഒരിക്കലും നുണ പറയത്തില്ല. പരാതികൊടുക്കാനുള്ള കാരണം അറിയില്ല. അന്ന് ലിജിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ചേച്ചി ധൈര്യമായി ചെയ്‌തോളൂവെന്നായിരുന്നു മറുപടി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കേസിനെക്കുറിച്ച് അവര്‍ പ്രതികരിക്കും. കോണ്‍ഗ്രസുകാര്‍ തന്റെയൊപ്പമുണ്ടെന്ന ധൈര്യമുണ്ട്’, സതിയമ്മ പറഞ്ഞു.
അതേസമയം, വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വ്യാജരേഖ ചമച്ചാണ് സതിയമ്മ വെറ്റിനറി ഉപകേന്ദ്രത്തില്‍ ജോലി നേടിയതെന്ന ലിജിമോളുടെ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍ക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം. വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതികരണവുമായി കെ.സി ലിജിമോള്‍ രംഗത്തെത്തിയത്. തന്റെ ജോലി മറ്റൊരാള്‍ ചെയ്തത് അറിഞ്ഞില്ലെന്നാണ് ലിജിമോളുടെ പ്രതികരണം. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജിമോള്‍ വ്യക്തമാക്കി.
Post Your Comments