മലപ്പുറം: തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ വീട്, കുഴിച്ചു മൂടിയ സ്ഥലം, സ്വർണം വിറ്റ ആഭരണശാല എന്നിവടങ്ങളിൽ ആണ് തെളിവെടുപ്പ് നടത്തുക. പ്രതികളായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്.
തുവ്വൂർ കൃഷിഭവൻ താത്കാലിക ജീവനക്കാരി സുജിതയെ ഈ മാസം 11 മുതലാണ് കാണാതായത്. തുവ്വൂർ പള്ളിപറമ്പ് സ്വദേശിനിയാണ് സുജിത (35). പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കൃഷി ഭവനിൽ നിന്ന് ജോലിക്കിടെ പ്രാഥമികാരോഗ്യത്തിൽ പോകാനുണ്ടെന്ന് പറഞ്ഞാണ് അന്ന് സുജിത ഇറങ്ങിയിരുന്നത്. പിന്നീട് കാണാതാകുകയായിരുന്നു.
തുടർന്ന് വ്യാപക തിരച്ചിൽ നടത്തി. വിഷ്ണു അടക്കം തിരച്ചിലിനുണ്ടായിരുന്നു. സുജിതയെ കാണാനില്ലെന്ന പോസ്റ്റർ വിഷ്ണു ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് കൂടിയാണ് വിഷ്ണു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം സമ്മതിച്ചത്. തുവ്വൂർ പഞ്ചായത്ത് ഓഫീസിൽ നേരത്തേ വിഷ്ണു ജോലി ചെയ്തിരുന്നു. ആഭരണമടക്കം അപഹരിക്കാനായിരുന്നു കൊലപാതകമെന്നാണ് സൂചന.
Post Your Comments