കാസര്‍ഗോഡ്: മാസങ്ങള്‍ക്ക് മുമ്പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന് ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍. പ്രവാസിയായ എം അബ്ദുള്‍ റഷീദിന്റെ പരാതിയിലാണ് കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിലായത്. വില്ലേജ് ഓഫീസര്‍ അരുണ്‍ സി, വില്ലേജ് അസിസ്റ്റന്റ് സുധാകരന് കെ വി എന്നിവരെയാണ് വിജിലന്‍സ് പിടിയിലായത്. മൊത്തം മൂവായിരം രൂപയാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയത്.
Read Also: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു
പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്കിയ ചിത്താരി സ്വദേശിയോടായിരുന്നു ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങാനായി കരാര്‍ എഴുതിയിരുന്നു. സ്ഥലം ഉടമ മരണപ്പെട്ടതോടെ, അയാളുടെ ഭാര്യയുടെ പേരിലേക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍, ഭൂമിയുടെ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ പുരോഗതി അറിയാന്‍ കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോള്‍ വില്ലേജ് ഓഫീസറായ അരുണ്‍ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരന് 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ടു.
പിന്നാലെ പരാതിക്കാരന് വിവരം കാസര്‍ഗോഡ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരന് നായരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷം ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുമ്പോള്‍ കാസര്‍ഗോഡ് വിജിലന്‍സ് ഇരുവരേയും കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു.
Post Your Comments