പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല റിപ്പോർട്ട് സമർപ്പിച്ചു. അടൂർ ആർഡിഒ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മർദ്ദമെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അതേസമയം, സമ്മർദ്ദം ഏത് രാഷ്ട്രീയകക്ഷിയുടെതാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് 12നാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ തുടങ്ങി, മനോജിന്റെ പരിചയക്കാരിൽ നിന്ന് വരെ അടൂർ ആർഡിഒ വിശദമായ മൊഴി ശേഖരിച്ചിട്ടുണ്ട്.
രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് മനോജെന്നും, ഇതിനെ തുടർന്ന് ഉണ്ടായ മാനസിക സമ്മർദ്ദത്തിനൊടുവിൽ ജീവനൊടുക്കിയതാകാമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അതേസമയം, പ്രദേശത്തെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂടാതെ, മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടു പോയതിലും കുടുംബം സംശയം ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് മനോജിന്റെ സഹപ്രവർത്തകരായ മറ്റ് വില്ലേജ് ഓഫീസർമാരും ഉന്നയിച്ചത്.
Post Your Comments