കോട്ടയം: വീണാ വിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെത് ഒരു ഷെൽ കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിപിഎമ്മിന്റെ ഉന്നതനേതാക്കളും അഴിമതിയിൽ കുടുങ്ങി ജനങ്ങളുടെ മുന്നിൽ വിവസ്ത്രരായി നിൽക്കുകയാണ്. ആദായനികുതി വകുപ്പിന്റെ രേഖ പുറത്തുവന്നപ്പോൾ എന്തിനാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് മുഹമ്മദ് റിയാസ് പറയണം. ഇത്രയും വിദഗ്ധമായ ഉപദേശം വ്യവസായികൾക്ക് നൽകിയിരുന്ന ഭാര്യയെ വീട്ടിലിരുത്തുന്നത് പുരോഗമനം പറയുന്ന റിയാസിന് അപമാനമല്ലേയെന്ന് അദ്ദേഹം ചോദിച്ചു. മകളുടെ സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെ പറ്റി മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎലിന്റെ അടുത്ത് നിന്ന് മാത്രമല്ല മറ്റ് കമ്പനികളിൽ നിന്നും പണം വാങ്ങിക്കാനുള്ള സംവിധാനമാണ് വീണയുടെ കമ്പനി. വിദ്യാഭ്യാസ കച്ചവടക്കാരിൽ നിന്നും ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തുന്നവരിൽ നിന്നുമെല്ലാം വീണ മുഹമ്മദ് റിയാസിന്റെ കമ്പനി പണം വാങ്ങിയത് എന്തിനാണ്. മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ പണം സംഭരിക്കാനാണ് കമ്പനി തുടങ്ങിയത്. നഗ്നമായ അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയത്. മാസപ്പടി വിഷയം ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യവിഷയമാക്കുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്ന് വീമ്പ് പറയുന്ന സിപിഎം അവരെ ചൂഷണം ചെയ്യുകയാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. ഈ പണമെല്ലാം കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ നേതാക്കളുടെ അക്കൗണ്ടിലേക്കാണ് പോയത്. തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ആനൂകൂല്യങ്ങൾ തട്ടിയെടുത്തതിൽ മുൻ മന്ത്രി എകെ ബാലനും പങ്കുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Post Your Comments