തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന മൊത്ത വ്യാപാര കട ജില്ല മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ കപ്പുകൾ, പാത്രങ്ങൾ, സ്പൂണുകൾ തുടങ്ങിയവ ജില്ലയിലെ മറ്റ് ചില്ലറ കച്ചവട സ്ഥാപനങ്ങൾക്ക് വിപണനം ചെയ്യുന്ന വ്യാപാര സ്ഥാപനമാണ് അടച്ചു പൂട്ടിയത്.
ചാലയിൽ ആണ് സംഭവം. കടയിൽ നിന്ന് 4,362 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും 46,400 തെർമോകോൾ പ്ലേറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് തിരുവനന്തപുരം നഗരസഭക്ക് കൈമാറി.
കഴിഞ്ഞ മാസം ഇതേ സ്ഥാപനത്തിലെ ഇറക്കുമതി ലോറിയിൽ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ആർ.എസ്. മനോജ്, ബബിത എൻ.സി, ഹരികൃഷ്ണൻ, ജിജു കൃഷ്ണൻ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Post Your Comments