ഡൽഹി: വിദ്വേഷപ്രചാരണം ഏതു മതവിഭാഗം നടത്തിയാലും ശക്തമായ നടപടി വേണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നൂഹ് സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലായി 27 റാലികൾ മുസ്ലീങ്ങൾക്കെതിരെ സംഘടിപ്പിച്ചെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
സ്ഥാപനങ്ങളിൽ ജോലിക്ക് മുസ്ലീങ്ങളെ നിയമിച്ചവർക്ക് പോലും ഭീഷണി നേരിട്ടു എന്നും റാലികൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഐക്യം തകർക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലുകയുമാണ് ഒരുകൂട്ടർ ലക്ഷ്യം വയ്ക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കാസര്‍ഗോഡ് മുസ്ലിം ലീഗ് നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഏതുവിഭാഗക്കാരായാലും നടപടി എടുക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചത്.
Post Your Comments