മലയാളക്കര ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കർക്കിടകത്തിന്റെ കാർമേഘങ്ങൾ നീങ്ങി ചിങ്ങം പുലരുന്നതോടെ തിരുവോണ രാവിനായാണ് മലയാളികൾ കാത്തിരിക്കുന്നത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ പണ്ടുമുതലേ ആചരിക്കാറുണ്ട്. കർക്കടക സംക്രാന്തിയിലെ കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യ-മകം വഴി ഇരുപത്തെട്ടോണം വരെ ചടങ്ങുകൾ നീളുന്നു. ഓണത്തിന് മുന്നോടിയായി നടക്കുന്ന കലിയനുവെക്കൽ ചടങ്ങിനെ കുറിച്ചും, ഓണത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത തൃക്കാക്കരയപ്പനെ കുറിച്ചും പരിചയപ്പെടാം.
കലിയനുവെക്കൽ
ഉണ്ടക്കണ്ണും, പുറത്തേക്കുതള്ളിയ ചുവന്ന നാക്കും ദംഷ്ട്രയുമുളള പേടിപ്പെടുത്തുന്ന ഉഗ്രമൂർത്തിയാണ് കലിയൻ. കർക്കടകത്തിന്റെ അധിപനായി കലിയനെ വിശേഷിപ്പിക്കാറുണ്ട്. കലിയൻ കോപിച്ചാൽ കർക്കടകം കലങ്ങുമെന്നാണ് വിശ്വാസം. അതിനാൽ, കലിയനെ പ്രീതിപ്പെടുത്താനുള്ള നിരവധി അനുഷ്ഠാനങ്ങൾ നടത്താറുണ്ട്. കലിയനെ പ്രീതിപ്പെടുത്തുന്നതിലൂടെ സകല ഐശ്വര്യങ്ങളും കൈവരിക്കാൻ കഴിയുന്നതാണ്. ഓരോ വീട്ടുകാർക്കും പ്രിയപ്പെട്ട ആഹാരം സംക്രമ ദിനത്തിൽ ഉണ്ടാക്കി ഒരു പങ്ക് ചിരട്ടയിൽ എടുത്ത് കലിയനെ സ്മരിച്ച് പ്രത്യേകം മാറ്റിവെക്കുന്നു. പ്ലാവില, കൂവയില, പച്ച ഈർക്കിൽ, വാഴത്തട എന്നിവ കൊണ്ട് കാള, നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയന് സമർപ്പിക്കാറുണ്ട്. ചടങ്ങുകളുടെ ഭാഗമായി ‘കലിയനോ കലിയൻ… കനിയണേ ഭഗവാൻ’ എന്നിങ്ങനെ ആർപ്പുവിളിച്ചാണ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്.
തൃക്കാക്കരയപ്പൻ
ഓണത്തിൽ മഹാബലിയെ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് തൃക്കാക്കരയപ്പനും. ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വരവേൽക്കാറുള്ളത്. ഓണത്തപ്പൻ എന്ന പേരിലും തൃക്കാക്കരയപ്പൻ അറിയപ്പെടാറുണ്ട്. ഓണത്തിന് അത്തപ്പൂക്കൾ ഒരുക്കുന്നത് തൃക്കാക്കരയപ്പനെ വരവേൽക്കാനാണെന്നാണ് വിശ്വാസം. തൃക്കാക്കരയപ്പനെ കുറിച്ച് നിരവധി ഐതിഹ്യങ്ങൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മാവേലിയാണ് തൃക്കാക്കരയപ്പൻ എന്ന ഐതിഹ്യമാണ് കൂടുതൽ ആളുകളും വിശ്വസിക്കുന്നത്. എന്നാൽ, മാവേലിയെ ചവിട്ടി താഴ്ത്തിയ വാമനനാണ് തൃക്കാക്കരയപ്പൻ എന്ന എതിരഭിപ്രായവും ഉണ്ട്.
ചില വിശ്വാസികൾ അത്തപ്പൂക്കളത്തിനൊപ്പം തൃക്കാക്കരയപ്പനെ മാത്രം കുടിയിരുത്താറുണ്ട്. അത്തപ്പൂക്കളം ഒരുക്കുന്നത് തൃക്കാക്കരയപ്പന് വേണ്ടി മാത്രമാണെന്ന വിശ്വാസം നിലനിൽക്കുന്നതിനെ തുടർന്നാണ് ഈ ആചാരം. എന്നാൽ, മറ്റു ചിലരാകട്ടെ അത്തപ്പൂക്കളത്തിനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നു. കളിമണ്ണ് കുഴച്ചാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കാറുള്ളത്. പ്രത്യേക നിറം ലഭിക്കുന്നതിനായി മണ്ണ് കുഴയ്ക്കുമ്പോൾ ഇഷ്ട പൊടിയും ചേർക്കുന്നു. 5 തൃക്കാക്കരയപ്പന്മാരെയാണ് സാധാരണയായി കുടിയിരുത്താറുള്ളത്. കളിമണ്ണ് കൊണ്ട് നിർമ്മിച്ച തൃക്കാക്കരയപ്പനെ ഉത്രാട ദിവസം നാക്കിലയിൽ വേണം കുടിയിരുത്തേണ്ടത്.
Also Read: ഓണം; പരശുരാമൻ മുതൽ ധാന്യദേവൻ വരെ – അധികം ആർക്കും അറിയാത്ത ആ ഐതീഹ്യങ്ങൾ ഇങ്ങനെ
Post Your Comments