എല്ലാവരും ഓണത്തിന്റെ ഓളത്തിലാണ്. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി വാങ്ങാനുമൊക്കെ തിരക്കിട്ട ഓട്ടത്തിലാണ് മലയാളികള്‍.
ഉത്രാട ദിനത്തിലായിരിക്കും ഈ ഓട്ടം കൂടുക. ഉത്രാടപ്പാച്ചിൽ എന്ന് പറയാറില്ലേ. തിരുവോണം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉത്രാടവും.
ഉത്രാടന ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. കേരളീയ സംസ്ക്കാരവുമായി ഉത്രാടം വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു, വിളവെടുപ്പ് നടക്കുന്ന മാസമാണ് ചിങ്ങമാസം. പണ്ടുള്ളവർ കാഴ്ചക്കുലകൾ സമർപ്പിക്കുന്ന ചടങ്ങ് ഉത്രാട ദിനത്തിൽ ഉണ്ടായിരുന്നു. ഉത്രാട ദിനത്തിലാണ് ഓണ സദ്യയ്ക്ക് തുടക്കം കുറിക്കുന്നതും.
ഒന്നാം ഓണമാണ് ഉത്രാടം. അതുകൊണ്ട് ഗംഭീരമായ സദ്യ ഉത്രാടത്തിനും തയ്യാറാക്കും. പായസം ഉൾപ്പെടെ ഉള്ളവ സദ്യയിൽ ഉണ്ടാവും. ഉത്രാടത്തിന്റെ വൈകുന്നേരങ്ങൾ തിരക്ക് പിടിച്ചതായിരിക്കും. ഓണത്തിന് ഉള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാകുന്നത് ഉത്രാടത്തിന് ആണ്.
ഉത്രാടത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഉത്രാട വിളക്ക്. നാലടി പൊക്കത്തിൽ വാഴ വെട്ടി, അത് കുഴിച്ചിട്ട് മടല് കീറി ചിരാത് പോലെ ഉണ്ടാക്കി വാഴയിൽ കുത്തി വെയ്ക്കും. ഇതിൽ കുരു കളഞ്ഞ പുന്നക്ക എണ്ണ ഒഴിച്ച് കത്തിക്കുന്നു. തന്റെ പ്രജകളെ കാണാൻ എത്തുന്ന മാവേലിയെ വരവേൽക്കാനാണ് വിളക്ക് തയ്യാറാക്കുന്നത്. ഇത് എല്ലായിടത്തും ആഘോഷിക്കപ്പെടുന്നതല്ല. വളരെ മുൻപ് ഉത്രാട വിളക്ക് തയ്യാറാക്കാറുണ്ടെങ്കിലും ഇപ്പോൾ കുറവാണ്.
Post Your Comments