Onam 2023Latest NewsKeralaNews

തടവുപുള്ളികൾക്ക് തൂശനിലയിൽ ഓണസദ്യ; ഒപ്പം പായസവും വറുത്തരച്ച കോഴിക്കറിയും

കണ്ണൂർ: തിരുവോണത്തിന് ജയില്പുള്ളികളും ഓണസദ്യ ഉണ്ണും. ഇത്തവണ സദ്യയ്ക്ക് കൂട്ടിന് വറുത്തരച്ച കോഴിക്കോറിയും പായസവുമുണ്ട്. മുൻപത്തേത് പോലെ പാത്രത്തിലല്ല സദ്യ കഴിക്കുന്നത് എന്ന പ്രത്യേകതയും ഈ ഓണത്തിനുണ്ട്. അന്തേവാസികൾക്ക് പ്ലേറ്റിന് പകരം ഇലയിട്ടാണ് ഭൂരിഭാഗം ജയിലുകളിലും സദ്യ വിളമ്പുന്നത്. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക. അന്തേവാസികളാണ് സദ്യ ഒരുക്കുന്നത്.

ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴിവിഭവം ഇല്ല. ഓണംനാളിൽ വറുത്തരച്ച കോഴിക്കറിയടക്കം ഉണ്ടാകും. സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികളാണുള്ളത്. 1050ലധികം അന്തേവാസികളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നെയ്‌ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവും സസ്യാഹാരികൾക്ക് കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്. കണ്ണൂർ വനിതാ ജയിലിൽ ഇലയിട്ട് പച്ചക്കറിസദ്യ ഒരുക്കും. കണ്ണൂർ ജില്ലാ ജയിലിലെ 150ഓളം വരുന്ന അന്തേവാസികൾക്ക് സദ്യയ്ക്കൊപ്പം കോഴിക്കറിയും വിളമ്പും. സാധാരണ മെനുവിൽ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് കണ്ണൂർ സ്‌പെഷ്യൽ ജയിലിൽ രാവിലത്തെ വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകിട്ട് ചായയ്ക്കൊപ്പം പലഹാരവും നൽകും. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചീമേനി തുറന്ന ജയിലിൽ ഉച്ചയ്ക്ക് ഇലയിട്ട സദ്യയുണ്ടാകും. പച്ചടി, കിച്ചടി മുതൽ പായസം വരെ വിളമ്പും. ഇവിടെ ചിക്കൻ ഉണ്ടാകില്ല. പകരം രാവിലെ പുട്ടിനും ചപ്പാത്തിക്കും കോഴിക്കറി കൂട്ടാം. ഓണദിവസം പാചക ഡ്യൂട്ടിക്ക് അധികം പേരുണ്ടാകും. ജയിൽ ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button