ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറിയെന്നും പറയപ്പെടുന്നു. മഹാബലിയുമായി ബന്ധപ്പെട്ട ഐതീഹ്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, മറ്റ് ചില ഐതീഹ്യങ്ങൾ കൂടി ഓണത്തെ ബന്ധപ്പെടുത്തി നിലവിൽ ഉണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം:
പരശുരാമൻ
പരശുരാമകഥയുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമുണ്ട്. വരുണനിൽ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. ഇതോടെ ബ്രാഹ്മണർ അദ്ദേഹത്തോട് മാപ്പപേക്ഷിച്ചു. തുടർന്ന് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന് പരശുരാമൻ അവർക്ക് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്. ഇതും കെട്ടുകഥയാണെന്നു തന്നെയാണ് നിഗമനങ്ങൾ.
ശ്രീബുദ്ധൻ
മാവേലിപുരാണത്തിന് ലഭിച്ച സ്വീകാര്യത ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിയുള്ള ഓണത്തിന് ലഭിച്ചിട്ടില്ല. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന് ശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണമെന്ന് അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണ്. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു.
ചേരമാൻ പെരുമാൾ
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻ പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കയ്ക്ക് പോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ, അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു.
ധാന്യദേവൻ
വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്‌ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് പി. രഞ്ജിത് അഭിപ്രായപ്പെടുന്നു. കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ് ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ.
Post Your Comments