Onam FoodOnamArticleFestivals

പായസമില്ലാതെ എന്ത് ഓണസദ്യ, സദ്യ കെങ്കേമമാകുന്നത് ഇലയില്‍ പായസം വിളമ്പുന്നതോടെ തന്നെ

പായസമില്ലാതെ എന്ത് ഓണസദ്യ. ഇലയില്‍ പായസം വിളമ്പുന്നതോടു കൂടിയാണ് ഓണ സദ്യ പൂര്‍ണ്ണമാകൂ. അതും അടപ്രഥമന്‍ ആണെങ്കില്‍ സദ്യ കേമായി എന്ന് നാടന്‍ ശൈലി. കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ് അട പ്രഥമന്‍. പായസത്തില്‍ അഗ്രഗണ്യ സ്ഥാനമാണ് അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അട പ്രഥമന് ഉള്ളത്. അരി അട, ശര്‍ക്കര, തേങ്ങാപ്പാല്‍ എന്നിവയൊക്കെയാണ് അടപ്രഥമന്‍ തയ്യാറാക്കാന്‍ വേണ്ട പ്രധാന ചേരുവകള്‍. അട പ്രഥമന്‍ അനായാസം തയ്യാറാക്കുന്ന വിധമാണ് താഴെ സൂചിപ്പിക്കുന്നത്.

ചേരുവകള്‍

അരി അട- അര കപ്പ്
ശര്‍ക്കര പാനിയാക്കിയത്- ഒന്നേകാല്‍ കപ്പ്
തേങ്ങാപ്പാല്‍- ഒന്നേകാല്‍ കപ്പ്(കട്ടിയില്ലാത്തത്)
തേങ്ങാപ്പാല്‍- ഒന്നേകാല്‍ കപ്പ്(കട്ടിയുള്ളത്)
തേങ്ങാക്കൊത്ത്- രണ്ട് ടേബിള്‍സ്പൂണ്‍
കശുവണ്ടി പരിപ്പ്- രണ്ട് ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരി- 2-3 ടീ സ്പൂണ്‍
ഏലയ്ക്കാപ്പൊടി- കാല്‍ ടീ സ്പൂണ്‍
നെയ്യ്- രണ്ടു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി അരി അട ചൂടാക്കിയ വെള്ളത്തിലേക്ക് ഇടുക. കുറച്ചുനേരം ചൂടാക്കിയ ശേഷം തീ ഓഫാക്കി അരമണിക്കൂറോളം അട വെള്ളത്തില്‍ തന്നെ ഇടുക. അതിനുശേഷം പച്ചവെള്ളത്തില്‍ അട നന്നായി കഴുകി എടുക്കുക. അതിന്റെ പശപ്പ് മാറുന്നതുവരെ കഴുകണം. വെള്ളമൂറ്റി അട ഒരു പാത്രത്തിലാക്കി സൂക്ഷിക്കുക. ശര്‍ക്കര പാനി അര കപ്പ് വെള്ളത്തിലിട്ട് ചൂടാക്കുക. അത് നല്ല കടുംനിറമാകുന്നതുവരെ ചൂടാക്കണം. കരടുകള്‍ മാറ്റി ശര്‍ക്കര പാനി ചൂടാക്കിയത് മറ്റൊരു പത്രത്തിലാക്കി സൂക്ഷിക്കുക.

ഒരു ഫ്രൈയിംഗ് പാനില്‍ രണ്ട് ടീസ്പൂണ്‍ നെയ്യ് എടുത്ത് ചൂടാക്കുക. അതിലേക്ക് കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, എന്നിവ ഇട്ട് വറുത്തെടുക്കുക. മൊരിയുന്ന പരുവമാകുമ്പോള്‍ തീ കുറച്ച് വേവിച്ചശേഷം ഇറക്കി ഒരു പാത്രത്തില്‍ സൂക്ഷിക്കുക.

ഇതേ ഫ്രൈയിംഗ് പാനില്‍ കുറച്ച് നെയ്യ് എടുത്ത് ചൂടാക്കി, അതിലേക്ക് അരി അട ഇട്ടു ഇളക്കി വേവിക്കുക. ചെറിയ തീയില്‍ അഞ്ചുമിനിട്ടോളം ഇളക്കി വേവിക്കണം. ഇതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് ഇളംതീയില്‍ ചൂടാക്കുക. ഇത് കുറുകിവരുമ്പോള്‍ അതിലേക്ക് ഒന്നേകാല്‍ കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ ഒഴിക്കുക. ഇത് ഏകദേശം നന്നായി കുറുകി വരുമ്പോള്‍, ഒന്നേകാല്‍ കപ്പ് കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിക്കുക. ഇതിനുശേഷം തീ ഓഫാക്കണം. അതിലേക്ക് വറുത്ത കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. ഇപ്പോള്‍ ഏറ്റവും സ്വാദിഷ്ടമായ അട പ്രഥമന്‍ തയ്യാറായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button