അങ്കമാലി: കർഷകദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ പോകവെ ബൈക്കപകടത്തിൽ വയോധികൻ മരിച്ചു. കർഷകനായ നെടുമ്പാശ്ശേരി മള്ളുശ്ശേരി തെക്കൻ വാഴക്കാലവീട്ടിൽ ടി.ഒ. ഔസേഫാണ് (കുഞ്ഞപ്പൻ -70) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 10.40ഓടെ ദേശീയപാത കരിയാട് കവലയിൽ ആയിരുന്നു അപകടം. നെടുമ്പാശ്ശേരി പഞ്ചായത്തിൽ സംഘടിപ്പിച്ച കർഷകദിന ചടങ്ങിൽ പങ്കെടുക്കാൻ അത്താണി ഭാഗത്ത് നിന്ന് വരുകയായിരുന്നു കുഞ്ഞപ്പനും സുഹൃത്തും. കുഞ്ഞപ്പൻ ഓടിച്ച ബൈക്ക് അതേ ദിശയിൽ വന്ന കാറിലും മീഡിയനിലുമിടിച്ച് നിയന്ത്രണംവിട്ട് വലതു വശത്തെ ട്രാക്കിലേക്ക് വീണു. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ട്രെയിലറിനടിയിലേക്ക് തെറിച്ചു വീണ് കുഞ്ഞപ്പൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
അങ്കമാലി അഗ്നിരക്ഷ സേന എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സാരമായ പരുക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെട്ട മള്ളുശ്ശേരി പൈനാടത്ത് വീട്ടിൽ പീറ്ററിനെ (73) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേവൽ ബേസ് റിട്ട. ജീവനക്കാരനാണ് മരിച്ച കുഞ്ഞപ്പൻ. സർവിസിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ സജീവ കർഷകനായിരുന്നു. മാതൃക കർഷകനുള്ള അവാർഡ് ഉൾപ്പെടെ നിരവധി കർഷക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: കൊരട്ടി വടക്കുഞ്ചേരി കോട്ടയ്ക്കൽ കുടുംബാംഗം ആനീസ്. മക്കൾ: ടൈസി, ടൈറ്റസ്. മരുമക്കൾ: ബാബു, നീന (ടീച്ചർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മള്ളുശ്ശേരി സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
Post Your Comments