കുമ്പള: സുഹൃത്തുക്കൾക്ക് ശബ്ദസന്ദേശം അയച്ച ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ അച്ഛനും അതേരീതിയിൽ മരിച്ചനിലയിൽ. മംഗലാപുരത്ത് കാണാതായ മകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ മനോവിഷമത്തിൽ ആണ് പിതാവ് ജീവനൊടുക്കിയത്. 26കാരനായ രാജേഷിന്റെ വിയോഗം താങ്ങാനാവാതെ അച്ഛൻ 52 കാരനായ കെ ലോക്നാഥ് കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
തന്റെയും മകന്റെയും ആത്മഹത്യയ്ക്ക് പിന്നിൽ നാല് പേരാണെന്നാണ് ലോക്നാഥ് സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിൽ പറയുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് കര്‍മസമിതി രൂപവത്കരിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പ്രാദേശിക യുവമോർച്ച നേതാവായിരുന്നു മരണപ്പെട്ട രാജേഷ്. രാജേഷിനെ ജൂലൈ മാസം കാണാതാവുകയും പിന്നീട് ഉള്ളാള്‍ ബങ്കര കടല്‍ത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇതിനുശേഷം പിതാവ് അസ്വസ്ഥനായിരുന്നു.
താൻ മരിക്കാൻ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്ക് വാട്സാപ്പിലൂടെ അറിയിച്ച ശേഷമാണ് ലോക്നാഥ് കടലിൽ ചാടിയത്. ‘ഞാൻ സോമേശ്വരയിലേക്ക് പോകുകയാണ്. കടലിൽ ചാടാൻ ആണ്. ജഡം ഉള്ളാൾ തീരത്തടിഞ്ഞോളും. മൊബൈൽ ഫോൺ കൊണ്ടുപോകുന്നില്ല. വീട്ടിൽ വയ്ക്കും. എന്റെയും മകന്റെയും മരണത്തിന് പിന്നിൽ അവർ നാല് പേരാണ്’, എന്നായിരുന്നു സന്ദേശം.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments