Latest NewsKeralaNews

ഓൺലൈനിൽ ടിക്കറ്റ് റദ്ദായി: യാത്രക്കാരിയെ അര്‍ദ്ധരാത്രി തീവണ്ടിയിൽ നിന്ന്‌ ഇറക്കിവിട്ടതായി പരാതി

തിരുവനന്തപുരം: ഓൺലൈനിൽ ടിക്കറ്റ് റദ്ദായതിനെ തുടര്‍ന്ന്, അര്‍ദ്ധരാത്രി യാത്രക്കാരിയെ തീവണ്ടിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരത്ത് സോഫ്റ്റ്‌വേർ എൻജിനിയറായി ജോലിചെയ്യുന്ന വടക്കാഞ്ചേരി സ്വദേശിനി ജയസ്മിതക്കാണ് ദുരനുഭവം ഉണ്ടായത്. രാത്രി പന്ത്രണ്ടുമണിയോടെ ആലുവ സ്റ്റേഷനിൽ ടിടിഇ ഇവരെ ഇറക്കി വിടുകയായിരുന്നു. തന്നോട് റെയിൽവേ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും മറ്റു യാത്രക്കാരുടെ മുന്നിൽവെച്ച്‌ അപമാനിച്ചുവെന്നും ജയസ്മിത റെയിൽവേ അധികൃതർക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയിൽ പറയുന്നു.

യാത്രക്കാരിയുടെ മൊബൈൽ നമ്പരിൽ ഒരക്കം മാറിപ്പോയതാണ് ടിക്കറ്റ് റദ്ദാകാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചത്.

കഴിഞ്ഞ 30നായിരുന്നു സംഭവം. കൗണ്ടറിൽനിന്നെടുത്ത ടിക്കറ്റുമായി രാത്രിയിൽ ബെംഗളൂരു-തിരുവനന്തപുരം എക്സ്‍പ്രസിൽ വടക്കാഞ്ചേരിയിൽനിന്നാണ് ഇവർ കയറിയത്. ഇവരുടെ ടിക്കറ്റിൽ റിസർവേഷൻ രേഖപ്പെടുത്തിയിരുന്ന എസ്-നാല് കോച്ചിലെ ബെർത്തിൽ മറ്റൊരാളുണ്ടായിരുന്നു. സ്ഥലത്തെത്തിയ ടിടിഇ, ജയസ്മിതയുടെ ടിക്കറ്റ് റദ്ദാക്കപ്പെട്ടെന്നും അതുകൊണ്ട് ബെർത്ത് മറ്റൊരാൾക്ക് അനുവദിച്ചതായും അറിയിക്കുകയായിരുന്നു. യാത്ര തുടരണമെങ്കിൽ പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. ടിക്കറ്റ് കൈയിലുള്ളതിനാൽ പിഴയൊടുക്കാൻ യാത്രക്കാരി തയ്യാറായില്ല. തുടർന്ന് കൂടുതൽ ടിടിഇമാരും ആർപിഎഫ് ഉദ്യോഗസ്ഥരും എത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. റെയിൽവേ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും അപമാനിച്ച് ഇറക്കിവിടുകയും ചെയ്തതായി ഇവർ പരാതിയിൽ പറയുന്നു.

രാത്രി പതിനൊന്നര കഴിഞ്ഞ് ആലുവയിലെത്തിയ തീവണ്ടി പിടിച്ചിടുകയും തന്നെ വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി അനധികൃത യാത്രക്കാരിയാണെന്നാരോപിച്ച് കേസെടുക്കുകയും ചെയ്തതായി ഇവർ ആരോപിക്കുന്നു. മാനസികമായി തകർന്ന ഞാൻ പിന്നീട് മറ്റൊരു തീവണ്ടിയിൽ കയറിയാണ് തിരുവനന്തപുരത്തെത്തിയത് എന്നും ജയസ്മിത പറഞ്ഞു. അടുത്ത മാസം കൊച്ചി റെയിൽവേ കോടതിയിൽ ഹാജരാകണമെന്നു പറഞ്ഞ ടിടിഇ, അതിനായി ഒരു വക്കീലിന്റെ ഫോൺ നമ്പർ നൽകുകയും ചെയ്തു. ഇതിനിടെ, ഈ ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

അടുത്ത ദിവസം ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർക്കു പരാതി നൽകി. ഇവർ പൂരിപ്പിച്ചുനൽകിയ ഫോമിലെ കൈയക്ഷരം വായിക്കാൻ കഴിയുന്നതായിരുന്നില്ല എന്നും മൊബൈൽ നമ്പറിൽ ഒരക്കം മാറിപ്പോയിരുന്നുവെന്നുമാണ് അധികൃതർ അറിയിച്ചത്. പിഎൻആർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ തെറ്റായ മൊബൈൽ നമ്പറിലേക്കു പോവുകയും ആ നമ്പറിന്റെ ഉടമ താനെടുക്കാത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുകയുമായിരുന്നു എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.

അതേസമയം, യാത്രക്കാരിയോടു മോശമായി പെരുമാറിയിട്ടില്ലെന്നും തുടർന്നു യാത്രചെയ്യാൻ പിഴയൊടുക്കണമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദായ ടിക്കറ്റുമായി യാത്രചെയ്യാനാകില്ല. നേരിട്ടെടുക്കുന്ന ടിക്കറ്റും ഓൺലൈനായി റദ്ദാക്കാൻ അവസരം നൽകുന്നത് യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button