തിരുവനന്തപുരം: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്ത പൊലീസ് നടപടിയെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങൾ പൂർണമായി ലംഘിക്കുകയാണ് മാർക്‌സിസ്റ്റ് സർക്കാരെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി.
പോപ്പുലർ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാൻ ആയിരംവട്ടം ആലോചിച്ചവരാണ് കേരള പൊലീസ്. ഭഗവാന്റെ നാമം ജപിച്ച് സമാധാനപരമായി പ്രകടനം നടത്തിയവർക്കെതിരെ കലാപക്കുറ്റമടക്കം ചുമത്താൻ പിണറായിയുടെ പൊലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസരവാദി ബുദ്ധിജീവി സമൂഹവും മതനിരപേക്ഷതക്കാരും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയിൽ കുറ്റകരമായ മൗനം പുലർത്തുകയാണ്. മന്നത്ത് പത്മനാഭന്റെ പിൻതലമുറക്കാരെ സിപിഎം നേതാക്കൾ നിരന്നുനിന്ന് ആക്ഷേപിക്കുമ്പോളും ഇക്കൂട്ടർ കണ്ടതായി ഭാവിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്പീക്കറോട് നിയമസഭയിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രതികരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളടക്കം ആയിരക്കണക്കിന് പേർക്കെതിരെയെടുത്ത കേസ് ഇനിയും പിൻവലിക്കാൻ മാർക്‌സിസ്റ്റ് സർക്കാർ തയാറായിട്ടില്ല. രണ്ട് ദശകത്തിലേറെ പോപ്പുലർ ഫ്രണ്ടിന്റെ ആയുധപ്പുരയായ ഗ്രീൻവാലിക്ക് സംരക്ഷണം നൽകിയവരാണ് ഇക്കൂട്ടരെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Post Your Comments