ന്യൂഡൽഹി: റഷ്യയിൽ പോകണമെന്നാവഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇന്ത്യക്കാർക്ക് റഷ്യ സന്ദർശിക്കുന്നതിനാവശ്യമായ ഇലക്ട്രോണിക് വിസ (ഇ-വിസ) ഓഗസ്റ്റ് 1 മുതൽ റഷ്യ അനുവദിച്ചു തുടങ്ങി. ബിസിനസ് യാത്രകൾ, അതിഥി സന്ദർശനങ്ങൾ, വിനോദം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി റഷ്യ സന്ദർശിക്കുന്നതിനാവശ്യമായ വിസയാണ് ഇത്. മറ്റേതൊരു സാധാരണ വിസയും പോലെ തന്നെ ഇ-വിസ ഉപയോഗിക്കാം.
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കുൾപ്പടെ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാം. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് റഷ്യ ഇ-വിസ സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി തുടങ്ങിയ സാഹചര്യത്തിലാണ് വിസ വീണ്ടും അനുവദിക്കാൻ തുടങ്ങിയത്. സാധാരണ വിസയ്ക്കുള്ള അതേ അവകാശമാണ് ഇ-വിസയ്ക്കും ഉള്ളത്. 60 ദിവസമാണ് ഇതിന്റെ കാലാവധി.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സന്ദർശകർ റഷ്യയിലേക്കുള്ള അവരുടെ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കണം. നയതന്ത്ര സ്ഥാനങ്ങൾ വഹിക്കുന്ന, അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളെ പ്രതിനിധീകരിക്കുന്നവർക്ക് രാജ്യത്തേക്ക് എത്തുന്നതിനായി ഈ വിസയുടെ ആവശ്യമില്ല. ഓൺലൈനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ തുടർ പ്രക്രിയകളെ കുറിച്ചുള്ള വിവരങ്ങൾ ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.
Post Your Comments