കോട്ടയം: നാഗമ്പടം ജി.എസ്.ടി ഓഫീസിൽ നിന്ന് ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. നേപ്പാൾ സ്വദേശി ബൽറാം നാഗർജിയെയാണ് (42) പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞമാസം 23-നാണ് പ്രതി നാഗമ്പടത്തെ ജി.എസ്.ടി ഓഡിറ്റിങ് ഓഫിസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ചത്. തുടർന്ന്, ഇയാൾ മോഷണമുതലുമായി ബംഗളൂരുവിലേക്ക് കടന്നു.
പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷണം പോയ ടാബുകളുമായി ബംഗളൂരു സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെ അവിടെ നിന്ന് തന്നെ പിടികൂടിയിരുന്നു. മുഖ്യ മോഷ്ടാവിനായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന്, ഇയാള്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, സി.പി.ഒമാരായ ശ്യാം എസ്. നായർ, ഷൈൻ തമ്പി, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments