KeralaLatest NewsIndia

കേരളമാകെ പ്രാർത്ഥനയോടെ തേടുമ്പോഴും തൊട്ടടുത്ത് ജീവനുവേണ്ടി പിടഞ്ഞ് കുഞ്ഞ് ചാന്ദ്നി

കൊച്ചി: അഞ്ചു വയസുകാരി ചാന്ദ്നിക്കായി കേരളമാകെ പ്രാർത്ഥനയോടെ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇടിത്തീപോലെ ആ വാർത്ത പരന്നത്. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം. അടുത്ത നിമിഷങ്ങളിൽ തന്നെ അത് ചാന്ദ്നിയാണെന്ന് വ്യക്തമാകുകയും ചെയ്തു. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചെങ്കിലും ആദ്യം മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിർത്തുകയായിരുന്നു.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി.

തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇന്നലെ ചാന്ദ്നിയെ തട്ടിക്കൊണ്ടു പോയത്. അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തുമ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് ചാന്ദ്നി. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി.

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 5 വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അസഫാക്ക് രണ്ട് ദിവസം മുൻപാണ് ഇവിടെ താമസത്തിന് എത്തിയത്. വൈകിട്ട് അഞ്ചു മണിയോടെ ആലുവ സീമാസ് പരിസരത്ത് അസഫാക്ക് കുട്ടിയുമായി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കുട്ടിയുമായി പ്രതി ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആ‍ര്‍ടിസി ബസ് ജീവനക്കാര്‍ വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button