ഇസ്ലാമബാദ്: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനക്കെതിരെ പാകിസ്ഥാന്‍. കാര്‍ഗില്‍ വിജയ ദിനത്തില്‍ ലഡാക്കിലെ ദ്രാസില്‍ നിയന്ത്രണ രേഖ കടന്നതിനെ കുറിച്ച് രാജ്നാഥ് സിംഗ് നടത്തിയ പരാമര്‍ശം പ്രകോപനപരമാണെന്നും ഇന്ത്യ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു.
‘ഇന്ത്യയുടെ ആക്രമണാത്മക പരാമര്‍ശങ്ങള്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണ്. ദക്ഷിണേഷ്യയിലെ തന്ത്രപരമായ അന്തരീക്ഷം അസ്ഥിരപ്പെടുത്താന്‍ ഇത് കാരണമാകുന്നു. ഇന്ത്യയിലെ നേതാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പാക് അധീന കശ്മീരിനെ കുറിച്ചും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെയും കുറിച്ചും ഇത്തരത്തില്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. ഇത്തരം വര്‍ഗീയ വാദങ്ങള്‍ അവസാനിപ്പിക്കണം. ഏത് ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ പൂര്‍ണ്ണമായി പ്രാപ്തമാണെന്ന് ഇന്ത്യന്‍ നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച് വ്യക്തമാക്കി.
അമിത ദേശീയവാദം പ്രോത്സാഹിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുമായി ഇന്ത്യയിലെ നേതാക്കള്‍ പാകിസ്ഥാനെ വലിച്ചിഴയ്ക്കുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും സഹ്റ ബലോച്ച് പ്രസ്താവനയില്‍ പറഞ്ഞു. തര്‍ക്കമേഖലയില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ ഇന്ത്യ ആത്മാര്‍ഥമായി നടപ്പാക്കണമെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post Your Comments