ഡൽഹി: ഇന്ത്യയുമായി ലയിക്കണമെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ പരാമർശങ്ങളെക്കുറിച്ചും പ്രതിരോധ മന്ത്രി പ്രതികരിച്ചു.
ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിക്കിടെയാണ് രാജ്‌നാഥ് സിംഗ് സംസാരിച്ചത്.’അവർക്ക് അങ്ങനെ കശ്മീർ എടുക്കാൻ കഴിയുമോ? ഇല്ല, പാക് അധീന കശ്മീരിനെക്കുറിച്ച് അവർ ആശങ്കപ്പെടണം. ആക്രമിക്കേണ്ടതിൻ്റെയും പിടിച്ചടക്കേണ്ടതിന്റെയും ആവശ്യമില്ലെന്ന് ഞാൻ ഏകദേശം ഒന്നര വർഷം മുമ്പ് പറഞ്ഞിരുന്നു. കാരണം പിഒകെയിലെ ആളുകൾ തന്നെ ഇന്ത്യയുമായി ലയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
സർക്കാർ എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘അക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല, പറയാൻ പാടില്ല, നമ്മൾ ഒരു രാജ്യത്തെയും ആക്രമിക്കാൻ പോകുന്നില്ല. ലോകത്തിലെ ഒരു രാജ്യത്തെയും ഒരിക്കലും ആക്രമിക്കാത്തവരാണ് ഇന്ത്യക്കാർ, അതുപോലെ ഒന്നും പിടിച്ചെടുക്കാനും ആഗ്രഹിച്ചിട്ടില്ല. പക്ഷെ പിഒകെ നമ്മുടേതായിരുന്നു, ഇപ്പോഴും നമ്മുടേത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments