തിരുവനന്തപുരം: ഹോട്ടലുടമയെ കുത്തിയയാളെ പിടിക്കാനെത്തിയ എസ്.ഐമാരെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കൊച്ചുവേളി സ്വദേശി കുമാർ എന്ന ജാംഗോ കുമാറിനെ(40)യാണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസ് മൽപിടുത്തത്തിനൊടുവിൽ ആണ് ഇയാളെ കീഴടക്കിയത്.
കുമാർ കൊച്ചുവേളിയിൽ ഹോട്ടൽ നടത്തുന്ന നസീറിന്റെ കടയിലെത്തി വയറ്റിൽ കുത്താൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ നസീറിന്റെ കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റു. നസീറിന്റെ നിലവിളി കേട്ടതോടെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി. ഇതോടെ കുമാർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിൽസ തേടിയ നസീർ വലിയതുറ പൊലീസിന് പരാതി നൽകി.
Read Also : ബിവറേജ്സ് ഔട്ട്ലെറ്റിൽ മോഷണ ശ്രമം നടത്തിയ രണ്ട് പശ്ചിമ ബംഗാള് സ്വദേശികൾ പിടിയിൽ
വലിയതുറ പ്രിൻസിപ്പൽ എസ്.ഐ ഇൻസമാം, എസ്.ഐ അജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ കുമാർ അവിടെ എത്തി. കാര്യം തിരക്കുന്നതിനിടെ കുമാർ എസ്.ഐ ഇൻസമാമിനെ തള്ളി വീഴ്ത്തി. തുടർന്ന്, തടയാൻ ശ്രമിച്ച എസ്.ഐ അജീഷിന്റെ കൈത്തണ്ടയിൽ കടിച്ച് മുറിവേൽപിച്ചു. ഇതിനിടെ ശരീരത്തിൽ ഒളിപ്പിച്ച കത്തിയെടുത്ത് കുമാർ രണ്ടുപേരെയും കുത്തിപ്പരിക്കേൽപിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച കുമാറിനെ ദീർഘനേരത്തെ മൽപിടുത്തത്തിനൊടുവിലാണ് എസ്.ഐമാർ കീഴ്പ്പെടുത്തിയത്. മൽപിടുത്തത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ കുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് കുമാർ. മൂന്ന് ദിവസം മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. നസീറിനോടുള്ള മുൻവൈര്യാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments