ബാരാബങ്കി: യു.പിയിൽ വീണ്ടുമൊരു ദുരഭിമാന കൊല. സഹോദരിയെ സഹോദരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ തന്നെ ചന്ദ്ര ബാബു എന്ന യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ചന്ദ്ര ബാബുവുമായുള്ള ആഷിഫയുടെ ബന്ധം അറിഞ്ഞ സഹോദരനും കുടുംബവും ഇതിൽ നിന്നും ആഷിഫയെ വിലക്കിയിരുന്നു. എന്നാൽ, ഇത് കാര്യമാക്കാതെ ചന്ദ്ര ബാബു എന്ന ആളുടെ കൂടെ പെണ്‍കുട്ടി അടുത്തിടെ ഒളിച്ചോടി. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കണ്ടെത്തുകയും ചന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, ചന്ദ്ര ബാബുവുമായുള്ള ബന്ധം താൻ അവസാനിപ്പിക്കില്ലെന്ന് ആഷിഫ ഉറപ്പിച്ച് പറഞ്ഞതോടെയാണ് വീണ്ടും പ്രശ്നങ്ങൾ ആരംഭിച്ചത്. സംഭവം നടക്കുന്ന വെള്ളിയാഴ്ച രാവിലെ റിയാസ് സഹോദരി ആഷിഫയുമായി വഴക്കിട്ടിരുന്നു. ഇതിന് ശേഷം വീട്ടിൽ നിന്ന് എങ്ങോട്ടോ പോയിരുന്നു. തിരികെ വന്ന ശേഷം സഹോദരിയോട് വസ്ത്രങ്ങൾ കഴുകാൻ പറഞ്ഞു. തുടർന്ന് ആഷിഫ അലക്കാനുള്ള വെള്ളമെടുക്കുന്നതിനിടെ റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. കഴുത്ത് പൂർണമായും ശരീരത്തിൽ നിന്നും വേർപെടുന്നത് വരെ ആക്രമണം തുടർന്നു. ഇതിനുശേഷം റിയാസ് സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഇതിനിടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. കൊലപാതക വിവരം ലഭിച്ച പൊലീസിന് റിയാസിനെ വഴിയിൽ വെച്ച് പിടികൂടുകയായിരുന്നു.
Post Your Comments