സംസ്ഥാനത്ത് പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്സിന് കടുത്തക്ഷാമം നേരിടുന്നതായി പരാതി. പ്രതിരോധ വാക്സിനായ ഇമ്യൂണോഗ്ലോബലിനാണ് കിട്ടാക്കനി ആയിരിക്കുന്നത്. നിലവിൽ, വാക്സിൻ സ്വീകരിക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവർ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. നായയുടെയും പൂച്ചയുടെയും കടിയേറ്റ് ആശുപത്രികളിൽ എത്തുന്നവരാണ് ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്.
സർക്കാർ ആശുപത്രികൾക്ക് പുറമേ, മെഡിക്കൽ കോളേജുകളിലും പേവിഷബാധ പ്രതിരോധ വാക്സിന് ക്ഷാമമാണ്. പൂച്ചയുടെയോ, നായയുടെയോ കടിയേറ്റാൽ വിഷം തലച്ചോറിൽ എത്തുന്നത് തടയാനാണ് ഇമ്യൂണോഗ്ലോബലിൻ കുത്തിവയ്ക്കുന്നത്. സുരക്ഷയ്ക്കൊപ്പം, പെട്ടെന്നുള്ള പ്രതിരോധവും ഇമ്യൂണോഗ്ലോബലിൻ കുത്തിവയ്ക്കുന്നതിലൂടെ ലഭിക്കും.
ആവശ്യകത മുന്നിൽ കണ്ട് വാക്സിൻ സമയബന്ധിതമായി ശേഖരിച്ച് വെയ്ക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അതേസമയം, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇമ്യൂണോഗ്ലോബലിന് ഓർഡർ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സംസ്ഥാനത്ത് നിരവധി ആളുകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്.
Post Your Comments