KeralaLatest NewsIndia

പേവിഷബാധ സൂക്ഷിക്കുക: നായയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പേവിഷബാധ സംസ്ഥാനത്ത് വലിയൊരു പ്രശ്നമായി മാറുകയാണ്. നിരവധി പേരാണ് പേവിഷബാധ മൂലം ഈ അടുത്ത സമയത്ത് മരിച്ചു വീണത്. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന ചിന്തയിലാണ് ഇപ്പോഴും ഏറെ പേർ കഴിയുന്നത്. നായയുടെ കടിയേറ്റാൽ എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടത്, എന്താണ് ഇതിനുള്ള പരിഹാരം? ഇന്ത്യയിൽ പൊതുവേ പേവിഷബാധ ഏൽക്കുന്നത് നായയുടെ കടിയേറ്റാണ്. മൃഗങ്ങളുടെ ഉമിനീരിൽ നിന്നാണ് അണുബാധ പകരുന്നത്. ഇവയുടെ ഉമിനീർ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് വൈറസ് വളരുന്നത്.

ഒരു നായ കടിക്കുമ്പോൾ അതിന്റെ ഉമിനീർ മുറിവുമായി കലർന്നാണ് പേവിഷബാധ ഉണ്ടാകുന്നത്. നായയുടെ രക്തത്തിലൂടെയോ, മലമൂത്ര വിസർജ്ജനത്തിലൂടെയോ വൈറസ് പകരുകയില്ല, അവരുടെ ഉമിനീരിൽ നിന്ന് മാത്രമാണ് പകരുന്നത്. അണുബാധ മാംസപേശികളിലേക്കും പിന്നീട് ഞരമ്പുകൾ വഴി മസ്തിഷ്‌കത്തിലും മറ്റു ശരീരഭാഗങ്ങളിലും വ്യാപിക്കുന്നു. നായയുടെ കടിയേറ്റ് ആദ്യത്തെ 10 – 20 ദിവസത്തിൽ രോഗിക്ക് ക്ഷീണം, തലവേദന, മനംപിരട്ടൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും.

അണുബാധയേറ്റ് 20 – 90 ദിവസത്തിലാണ് വെള്ളത്തിനോടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും തൊണ്ടയിൽ ബുദ്ധിമുട്ട്, എല്ലാ കാര്യങ്ങളോടും ഭയം എന്നീ രോഗലക്ഷണം പ്രകടമാകുന്നത്. ഒരു നായയുടെ കടിയേറ്റാൽ അതിലെ അണുബാധയുടെ സാധ്യതയെ പലതലത്തിൽ തരം തിരിക്കാം.
തെരുവ് നായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വളർത്തുനായയുടെ കടിയേൽക്കുകയാണെങ്കിൽ കൃത്യമായ കുത്തിവയ്പ്പുകൾ എടുത്തിട്ടുള്ള നായ ആണെങ്കിൽ അണുബാധാസാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കൃത്യമായ നിർണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.

വളർത്തു നായയുടെ കടിയേൽക്കുകയും നായയിൽ അസാധാരണമായ പെരുമാറ്റ രീതികളിൽ അടുത്തകാലത്തായി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ (ആക്രമണ സ്വഭാവം കൂടുക, അസാധാരണമായി മൂകമായിരിക്കുക, അടുത്തു ചല്ലുമ്പോൾ പതിവില്ലാതെ ആക്രമിക്കാൻ ശ്രമിക്കുക) ഉറപ്പായും എത്രയും വേഗം ഡോക്ടറെ സമീപിക്കുകയും നായയെ മൃഗ ഡോക്ടറെ കാണിക്കുകയും വേണം.

മറ്റു മൃഗങ്ങളായ പൂച്ച, എലി, അണ്ണാൻ എന്നിവയുടെ കടിയേൽക്കുകയാണെങ്കിൽ പേബാധയേൽക്കാൻ സാധ്യത കുറവാണ്. എന്നാൽ ആകസ്മികമായി വീട്ടിൽ വന്നു പോകുന്ന മൃഗങ്ങൾ ആണെങ്കിൽ അണുബാധ ഏൽക്കാനുള്ള സാധ്യതയുണ്ട്. കാരണം ഈ മൃഗങ്ങൾക്ക് പുറത്തുനിന്നും ഒരു പേവിഷബാധയുള്ള നായയുടെ കടിയേറ്റിട്ടുണ്ടോ എന്ന് നമുക്കറിയാൻ സാധിക്കില്ല. ഇന്ത്യയിൽ കൂടുതലും കണ്ടുവരുന്നത് നായയിൽ നിന്നുമുള്ള പേവിഷബാധയാണ്. വിദേശരാജ്യങ്ങളിൽ വവ്വാലിൽ നിന്നും പടരുന്ന പേവിഷബാധയാണ് കണ്ടെത്തിയിട്ടുള്ളത്.

പേവിഷബാധ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് റാബീസ് വാക്സീൻ. എന്നാൽ വാക്സീൻ സ്വീകരിച്ചിട്ടും മരണപ്പെട്ട രണ്ടാമത്തെ സംഭവമാണ് കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 21 നാണ് കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യ്ക്ക് നായയുടെ കടിയേറ്റത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്ന മരണം. മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button