നമ്മുടെ നാട്ടില്‍ ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാത്തവര്‍ വിരളമായിരിക്കും. മണത്തിലും രുചിയിലുമൊക്കെയായി വ്യത്യസ്തമായ ചിക്കന്‍ ഭക്ഷണങ്ങള്‍ നമുക്കിടയില്‍ സുപരിചിതമാണ്. ചിക്കന്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കൊണ്ടുവരുമ്പോള്‍ തന്നെ പൈപ്പ് തിരിച്ചിട്ട് ഏറെ നേരം കഴുകുന്നവരാണ് ഏറെയും. എന്നാല്‍, ഇപ്പോള്‍ ചിക്കന്‍ ഒരിക്കലും കഴുകരുതെന്ന് നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പാകം ചെയ്യാത്ത കോഴിയിറച്ചിയില്‍ ക്യാംപിലോബാക്ടര്‍, സാല്‍മൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുണ്ട്. ഇത് വയറുവേദന, വയറിളക്കം, കടുത്ത ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതില്‍ പ്രധാനിയാണ് ക്യാംപിലോബാക്ടര്‍ എന്ന ബാക്ടീരിയ.
യുകെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കുന്നതനുസരിച്ച്, കോഴിയിറച്ചി പൈപ്പില്‍ നിന്ന് നേരിട്ട് വെള്ളമൊഴിച്ച് കഴുകുമ്പോള്‍ വെള്ളത്തിന്റെ തുള്ളികള്‍ക്കൊപ്പം ഈ ബാക്ടീരിയകളും ചുറ്റുമുള്ള പാത്രങ്ങള്‍, സിങ്ക് ,നമ്മുടെ വസ്ത്രങ്ങള്‍, കൈകള്‍ എന്നിവയിലേക്ക് പടരും. 50 സെന്റീമീറ്റര്‍ വരെ വെള്ളത്തുള്ളികള്‍ സഞ്ചരിക്കുമെന്നും ഇവര്‍ പറയുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇറച്ചിയില്‍ നിന്ന് ഈ ബാക്ടീരിയയെ നീക്കാനുള്ള ഒരേയൊരു മാര്‍ഗം
ശരിയായ താപനിലയില്‍ കോഴിയിറച്ചി നന്നായി വേവിക്കുക എന്നതാണ്. ചിക്കന്‍ പാകം ചെയ്യേണ്ട ഏറ്റവും കുറഞ്ഞ താപനില 165 ഡിഗ്രിയാണ്.
എന്നിരുന്നാലും വൃത്തിയായി കഴുകാതെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവരായിരിക്കും ഏറെ ആള്‍ക്കാരും. ചിക്കന്‍ കഴുകി ആണ് ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, കുഴിഞ്ഞ പാത്രത്തില്‍ വെള്ളമെടുത്ത് ചുറ്റും വീഴാത്ത തരത്തില്‍ കഴുകുക. ഇറച്ചി കഴുകിയ ശേഷം കൈകളും സിങ്കും തൊട്ടടുത്തുള്ള സ്ഥലവും സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
കോഴിയിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ നന്നായി പൊതിഞ്ഞോ അടച്ചോ വയ്ക്കുക. കത്തി, ചോപ്പിംഗ് ബോര്‍ഡ് തുടങ്ങിയവ ഇറച്ചി മുറിച്ച ശേഷം നന്നായി കഴുകിയെന്ന് ഉറപ്പുവരുത്തുകയും വേണം.
Post Your Comments