
കോഴിക്കോട്: വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാനുള്ള ആയുധമായി കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡിനെ ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ വൈവിധ്യ സംരക്ഷണത്തിനാണ് ഭരണഘടന ഊന്നൽ നൽകുന്നതെന്നും രാജ്യത്ത് വൈവിധ്യം നിലനിൽക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ധ്രുവീകരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നേതൃത്വത്തിൽ
ഏകീകൃത സിവിൽ കോഡിനെതിരെ കോഴിക്കോട് സ്വപ്ന നഗരിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തുസംസാരിക്കവെയാണ് അദ്ദേഹം. ഇക്കാര്യം വ്യക്തമാക്കിയത്. ‘രാജ്യത്തിന്റെ ബഹുസ്വരത നിലനിൽക്കണം. ഏകീകൃത സിവിൽ കോഡിന് പിന്നിൽ പ്രത്യേക അജണ്ട ഒളിഞ്ഞിരിക്കുന്നുവെന്നത് വ്യക്തമാണ്.
നിലവിലെ സർക്കാറിന് ഏകീകൃത സിവിൽകോഡ് എന്നത് കൃത്യമായ രാഷ്ട്രീയ പദ്ധതിയാണ്. 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഹിന്ദു-മുസ്ലീം ഭിന്നത വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ, അടിച്ചേൽപിക്കരുത്. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കാൻ.
സീതാറാം യെച്ചൂരിയുടെ വാക്കുകൾ ഇങ്ങനെ;
നമ്മുടെ രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങളിൽ വിവിധ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ ഒരു ആദിവാസി വിഭാഗത്തിനിടയിൽ അഞ്ച് പേരെ വിവാഹം ചെയ്യാൻ സ്ത്രീക്ക് അവകാശമുണ്ട്. അത്, മഹാഭാരതത്തിലെ പഞ്ചാലിയെപ്പോലെയാണെന്ന് പറയാം. ഹിന്ദു സമൂഹത്തിൽ തന്നെ ഇത്തരത്തിൽ വ്യത്യസ്‍തമായ ആചാരങ്ങളുണ്ട്.
ജാതിയേതര വിവാഹം നടത്തുന്നവരെ കൊലപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധിയായ പ്രശ്നങ്ങൾ നമുക്ക് മുൻപിലുണ്ട്. ഈ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് വിവാദത്തിലൂടെ ഏകീകരണ ലക്ഷ്യമല്ല ഉള്ളത്.
എല്ലാ അർത്ഥത്തിലും ഭിന്നിപ്പിക്കാൻ മാത്രമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭാഷ, മതം, ആചാരം എന്നിവ വിഭിന്നമായി നിലകൊള്ളുന്ന രാജ്യത്ത് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. സമുദായത്തിനകത്ത് ഏതെങ്കിലും വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതത് സമുദായത്തിനകത്ത് നിന്നാണ് മാറ്റം വരുത്തേണ്ടത്. രാജ്യത്തിന്റെ വൈവിധ്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ സി.പി.എം മുൻപന്തിയിലുണ്ടാകും,’
Post Your Comments