തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാൻഡും ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കേരളത്തിലെ പട്ടിക ജാതി-വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തെ സംബന്ധിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പിന് സമാനമായ രീതിയിലാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ അർഹമായ ആനുകൂല്യം ലഭിക്കാതെ പോവുന്നത്. പ്ലസ് വൺ, പ്ലസ്ടു കോഴ്‌സിനുള്ള ഒരു വിദ്യാർത്ഥിക്ക് ലംപ്‌സം ഗ്രാൻഡും സ്‌റ്റൈപൻഡും അടക്കം 8500 രൂപ വർഷത്തിൽ കിട്ടേണ്ടതാണ്. എന്നാൽ രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ഇത് കിട്ടുന്നില്ല. പ്രൊഫഷണൽ രംഗത്തെ 40,000ത്തോളം വിദ്യാർത്ഥികൾക്ക് 12000 രൂപ വീതം ലഭിക്കാനുണ്ട്. എൽപി/ യുപി കുട്ടികൾക്കും എസ്‌സി എസ്ടി ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
വർധിച്ച് വരുന്ന ചിലവുകളുടെ അടിസ്ഥാനത്തിൽ പട്ടിക ജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ പരിഷ്‌ക്കരിക്കാൻ തയ്യാറാവുന്നതിന് പകരം അവരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും പി സുധീർ വ്യക്തമാക്കി.
കേരളത്തിൽ പട്ടികജാതി-വർഗ വിദ്യാർത്ഥികളെ പടിയടച്ച് പിണ്ഡം വെക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ പട്ടികജാതി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപ്പോക്ക് വ്യാപകമാണ്. കുട്ടികൾക്ക് പഠിക്കാനുള്ള സഹചര്യം സംസ്ഥാനത്ത് ഇല്ല. കോവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസുകൾക്കുള്ള സംവിധാനമില്ലാതെ രണ്ട് കുട്ടികൾ മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്. ആദിവാസി വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയത് പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും പി സുധീർ കൂട്ടിച്ചേർത്തു.
Post Your Comments