മലപ്പുറം: സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്ന് പാണക്കാട് ചേരുന്ന യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗില്‍ വിവിധ നേതാക്കള്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്‌ലിം ലീഗിനെ ചേര്‍ത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തില്‍ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്യും. സിവില്‍ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്നല പറഞ്ഞിരുന്നു.
ഏക സിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കും. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പവും നില്‍ക്കും. പൗരത്വ വിഷയത്തില്‍ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പവും നില്‍ക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments