കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചതോടെ വ്യാപക അക്രമങ്ങളാണ് നടക്കുന്നത് . ബൂത്ത് പിടുത്തവും അക്രമവും ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 22 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഏറ്റവും ഒടുവിൽ വരുന്ന വാർത്ത സ്ഥാനാർത്ഥിക്ക് വെടിയേറ്റു എന്നതാണ്.
73,887 സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിൽ പരം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നു എന്ന അപൂർവതയുമുണ്ട്. രാവിലെ 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5.00 മണിക്കാണ് അവസാനിക്കുന്നത്. തിരഞ്ഞെടുപ്പിനിടെ കുച്ച്ബിഹാറിലെ പോളിംഗ് ബൂത്തിൽ തൃണമൂൽ പ്രവർത്തകർ ബാലറ്റ് പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു. പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ബാലറ്റ് പെട്ടിയുമായി കുതിരപ്പുറത്ത് വന്ന അജ്ഞാതൻ കടന്നുകളഞ്ഞു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പ്രാണരക്ഷാർത്ഥം സമീപത്തെ കടകളിൽ അഭയം തേടിയിരിക്കുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ കഴിഞ്ഞ രാത്രി കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിനിടെ അക്രമാസക്തരായ പ്രവർത്തകർ വീടുകൾ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു. മഹമ്മദ്പൂർ നമ്പർ 2 ഏരിയയിലെ 67, 68 ബൂത്തുകളിൽ കേന്ദ്ര സേനയെ ലഭിക്കുന്നതുവരെ, പുർബ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാം ബ്ലോക്ക് 1 ലെ പ്രാദേശിക വോട്ടർമാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു.
ഒരു വോട്ടറായ ഗോവിന്ദ് പറയുന്നു, ‘ഇവിടെ കേന്ദ്ര സേനയില്ല. ടിഎംസി ബൂത്തുകൾ പിടിച്ചെടുക്കുകയും മരിച്ചവർക്ക് പോലും കള്ളവോട്ട് ചെയ്യുകയും ചെയ്യുന്നു. കേന്ദ്രസേന എത്താത്തിടത്തോളം ഇവിടെ വോട്ടെടുപ്പ് നടത്താൻ ഞങ്ങൾ അനുവദിക്കില്ല.’ അതേസമയം അധികാരത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ആണ് ഇപ്പോൾ നടക്കുന്നത്. മുൻപും തങ്ങൾക്ക് അനുകൂലമല്ലാത്ത ബൂത്തുകളിൽ പെട്ടികൾ നശിപ്പിക്കുന്നത് തൃണമൂലിന്റെ പ്രവണതയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താൻ മമതയുടെ പാർട്ടി സമ്മതിക്കുന്നില്ല എന്നാണ് സിപിഎമ്മിന്റെയും മറ്റു പാർട്ടികളുടെയും ആരോപണം.
Post Your Comments