കോട്ടയം: കോട്ടയം നഗരത്തിൽ പഴം – പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ബ്രൗൺ ഷുഗർ വില്പന നടത്തിയിരുന്ന ആസാം സ്വദേശി അറസ്റ്റിലായി. ആസാം സോണിപൂർ ജില്ലയിൽ പഞ്ച്‌മൈൽ ബസാർ സ്വദേശിയായ 33 വയസ്സുള്ള രാജികുൾ അലം എന്നയാളാണ് അറസ്റ്റിലായത്. ഒരാഴ്ച നീണ്ട നീക്കത്തിനൊടുവിലാണ് പ്രതി എക്സൈസ് സംഘത്തിന്റെ വലയിലായത്. 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലായി നിറച്ച നിലയിൽ ആകെ 8.05 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. കോട്ടയം ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്.
ലഹരിയുടെ നൂതന വഴികൾ തേടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമാക്കി അന്യ സംസ്ഥാനത്തു നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിൽ കൊണ്ട് വരുന്ന, ഹെറോയിൻ എന്നും അറിയപ്പെടുന്ന, ബ്രൗൺ ഷുഗർ 100 മില്ലി ഗ്രാമിന് 5000 രൂപയോളം നിരക്കിലാണ് വില്പന നടത്തിയിരുന്നത്. ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരി നില നിൽക്കുന്ന, വളരെപ്പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നവരെ അപായപ്പെടുത്തുന്ന മാരക മയക്കുമരുന്നാണ് ബ്രൗൺ ഷുഗർ.
Post Your Comments