ദുബായ്: ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള ശ്രമത്തിനിടെ സൈബർ തട്ടിപ്പിന് ഇരയായി യുവാവ്. വലിയ തുകയാണ് യുവാവിന് നഷ്ടമായത്. 37 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്ത ഇയാൾക്ക് 4848 ദിർഹമാണ് നഷ്ടമായത്. ഇത്രയേറെ തുക നഷ്ടമായെങ്കിലും ഓർഡർ ചെയ്ത ഭക്ഷണം പോലും കഴിക്കാൻ ലഭിച്ചില്ലെന്നുള്ളതാണ് ഏറെ സങ്കടകരമായ കാര്യം. ദുബായിൽ താമസിക്കുന്ന പ്രവാസിയ്ക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.
Read Also: സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ വെടിവെപ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു
പ്രമുഖ വിദേശ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വെബ്‌സൈറ്റിലൂടെയായിരുന്നു യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. ബർഗറുകളും, സോഫ്റ്റ് ഡ്രിങ്കുകളും ഒപ്പം റസ്റ്റോറന്റിന്റെ ലോഗോയുള്ള ഒരു പാവയും കൂടി തെരഞ്ഞെടുത്തപ്പോൾ ‘ഓഫർ’ പ്രകാരമുള്ള വിലയായി 37 ദിർഹമാണ് വെബ്‌സൈറ്റിൽ കാണിച്ചത്. വലിയ വിലക്കുറവ് നൽകുന്നത് കൊണ്ടാണ് ഇത്ര ചെറിയ വിലയ്ക്ക് ലഭിക്കുന്നതെന്നാണ് വെബ്‌സൈറ്റ് അറിയിച്ചിരുന്നത്. പണം നൽകാനായി കാർഡ് വിവരങ്ങളെല്ലാം നൽകി ഒടിപിയും കൊടുത്ത ശേഷം അക്കൗണ്ടിൽ നിന്നും 4848 ദിർഹം നഷ്ടമായെന്നും യുവാവ് വ്യക്തമാക്കുന്നു.
ഉടൻ തന്നെ യുവാവ് പോലീസിലും ബാങ്കിലും പരാതി നൽകി. ഫാസ്റ്റ് ഫുഡ് കമ്പനിയുടെ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി അതിന്റെ ലിങ്ക് ഓഫറുകളെന്ന പേരിൽ അയച്ചുകൊടുത്ത് നടത്തിയ തട്ടിപ്പാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണം നൽകാനുള്ള സ്ഥിരീകരണത്തിന് വേണ്ടി ലഭിച്ച ഒടിപിയോടൊപ്പം എത്ര തുകയാണ് ഇടപാടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാരുന്നെങ്കിലും അത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments