തൃശൂര്‍ തനിക്ക് എതിരെ വര്‍ഷങ്ങളായി കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണെന്ന് വെളിപ്പെടുത്തി തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ. ഗിരിജ. ബുക്ക് മൈ ഷോയില്‍ തിയേറ്ററിന്റെ പേരില്ലെന്നും, 12ലേറെ തവണ തിയേറ്ററിന്റ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ചുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഗിരിജ ആരോപിക്കുന്നു.
‘ബുക്ക് മൈ ഷോയില്‍ എന്റെ തിയേറ്ററിന്റെ പേരില്ല. എനിക്ക് ആശ്രയിക്കാന്‍ സാധിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പുമാണ്. 2018 മുതലാണ് സൈബര്‍ അറ്റാക്ക്. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചാണ് അക്രമണങ്ങള്‍ക്കു തുടക്കം. എനിക്കു നേരെ വ്യക്തിപരമായ ആക്രമണമാണെന്നോര്‍ത്ത് ഞാന്‍ വേറൊരു ടീമിന് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഏല്‍പ്പിച്ചു. പക്ഷേ അവരുടെ അക്കൗണ്ടും പൂട്ടിച്ചു. പന്ത്രണ്ട് അക്കൗണ്ടുകള്‍ ഇതുവരെ പൂട്ടിച്ചു’.
‘ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വഴിയാണ് ഞാന്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ‘മധുര മനോഹര മോഹം’ എന്ന സിനിമയെ നന്നായി പ്രമോട്ട് ചെയ്യുന്ന സമയത്തും എനിക്കെതിരെ അശ്ലീല സന്ദേശങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുന്നു. ഇതിനു പിന്നില്‍ ആരാണെന്ന് പോലീസിനും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. ആരുടെയും പിന്തുണയുമില്ല. ഏത് സിനിമയാണ് തന്റെ തിയേറ്ററില്‍ ഉള്ളതെന്ന് ജനങ്ങളെ അറിയിക്കാന്‍ തനിക്ക് ഒരു മാര്‍ഗവും ഇല്ലാതായി.
‘ഒരു മാഫിയയാണ് ഇതിന് പിന്നില്‍. ചില നിര്‍മാതാക്കള്‍ക്ക് എനിക്ക് സിനിമ നല്‍കുവാനും ഭയമാണ്. സൈറ്റ് ഒന്നുമില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ പടം നല്‍കുകയെന്നാണ് അവര്‍ ചോദിക്കുന്നത്. അതിന് ധൈര്യം കാണിച്ചത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനുമാണ്. അവര്‍ മാത്രമാണ് വാക്കുകള്‍ കൊണ്ടൊരു ആത്മവിശ്വാസം തന്നത്. ഇങ്ങനെ ഉപദ്രവിക്കുന്നത് കഷ്ടമാണ്. സഹിക്കാനാകുന്നില്ല’ ഡോ. ഗിരിജ പറഞ്ഞു.
Post Your Comments