
കൊച്ചി: ലൈംഗികാതിക്രമ പരാതികള്‍ ലളിതവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടി മാല പാർവതിക്ക് രൂക്ഷ വിമര്‍ശനം. യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലെ മാല പാർവതിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് സ്ത്രീകളടക്കം നിരവധി പേര്‍ രംഗത്തുവന്നത്. മാല പാര്‍വതിയെ ഓര്‍ത്ത് നാണം തോന്നുന്നുവെന്നും അവസരവാദിയാണ് മാല പാര്‍വതിയെന്നും നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയിലെ സൗഹൃദങ്ങള്‍ തകരാതിരിക്കാനാകാം മാല പാര്‍വതിയുടെ പരാമര്‍ശമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
സിനിമ സെറ്റില്‍ താന്‍ നേരിട്ട അതിക്രമം കഴിഞ്ഞ ദിവസമാണ് നടി വിന്‍സി അലോഷ്യസ് തുറന്നുപറഞ്ഞത്. ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ പോയപ്പോള്‍ സിനിമയിലെ പ്രധാന നടന്‍ ‘ഞാന്‍ കൂടി വരാം വസ്ത്രം ശരിയാക്കി തരാം’ എന്ന് പറഞ്ഞു എന്നായിരുന്നു വിന്‍സി അലോഷ്യസ് ആരോപിച്ചത്. ഇതിനെ മുന്‍നിര്‍ത്തി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ വിവാദ പരാമർശം. ‘ബ്ലൗസ് ഒന്നുശരിയാക്കാൻ പോകുമ്പോൾ ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ചാൽ ഭയങ്കര സ്ട്രെസായി, എല്ലാം അങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്ന് പറഞ്ഞാപോരെ.. ഇതൊക്കെ വലിയ വിഷമായി മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു മാല പാര്‍വതിയുടെ പരാമര്‍ശം. മാല പാര്‍വതി സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ തീര്‍ത്തും ലളിതവത്കരിച്ചു എന്നാണ് പരക്കെയുള്ള വിമര്‍ശനം.
Post Your Comments