വർക്കല: വടശ്ശേരിക്കോണത്ത് വിവാഹ ദിവസം വധുവിൻ്റെ പിതാവിനെ മർദ്ദിച്ച് കാെലപ്പടുത്തിയ പ്രതികൾ നാലുപേരും കുറ്റം സമ്മതിച്ചു. വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ രാജു (61)വിനെ മുഖ്യപ്രതി ജിജിൻ മൺവെട്ടികൊണ്ട് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. വടശ്ശേരിക്കോണം ജെജെ പാലസിൽ ജിഷ്ണു(26), സഹോദരൻ ജിജിൻ(25), സുഹൃത്തുക്കളായ വടശ്ശേരിക്കോണം മനുഭവനിൽ മനു(26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ(26) എന്നിവരാണ് കേസിൽ പ്രതികൾ.
പ്രതികളെ റിമാൻഡ് ചെയ്തതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും തയ്യാറെടുക്കുകയാണ് പൊലീസ്. പ്രതികൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്നാണ് നാട്ടുകാർ പറയുന്നത്. ജിഷ്ണുവും സഹോദരനും എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
ഇതിൽ ജിഷ്ണുവിൻ്റെ അനുജൻ ജിജിൻ എപ്പോഴും അക്രമാസക്തമായ സ്വഭാവത്തോടുകൂടിയാണ് പെരുമാറുന്നതെന്നും നാട്ടുകാർ പറയുന്നു. ഇരുവരും ജോലിക്കൊന്നും പോകുന്നില്ലെന്നാണ് വിവരം. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് സഹോദരൻമാരെന്നും പൊലീസ് പറയുന്നു. വിവാഹ വീട്ടിൽ ഇവർ എത്തിയത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടാണെന്നും റിപ്പോർട്ടുകളുണ്ട്.
വടശ്ശേരിക്കോണം പ്രദേശം രാത്രിയായാൽ ഇവരുൾപ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് വിവരം. മദ്യവും മയക്കുമരുന്നും സ്ഥിരം ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും അതുപയോഗിച്ചുള്ള നിരവധി പ്രശ്നങ്ങൾ ഇവരുൾപ്പെട്ട സംഘം പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും പൊലീസും പറയുന്നു.
ഇവർ ഇരിക്കുന്ന സ്ഥലത്തു കൂടി വഴിനടക്കാൻ സ്ത്രീകളും മടിക്കാറുണ്ട്. അതേസമയം പ്രസ്തുത സംഭവം നടന്ന വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായുള്ള ആരോപണങ്ങളും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇത് കൂടാതെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കൊലയാളികളുടെ രാഷ്ട്രീയ പിൻബലത്തെക്കുറിച്ചും ആരോപിക്കുന്നുണ്ട്.
Post Your Comments