കണ്ണൂർ: നിയമ വിരുദ്ധമായി കാറിൽ 924 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ പ്രതികൾ പൊലീസ് പിടിയിൽ. മഞ്ചേശ്വരം കുഞ്ചത്തൂർ ശാരദ നിവാസിൽ അരവിന്ദ് (45), സഹായിയും ഡ്രൈവറുമായ തൃശ്ശൂർ തെക്കേ പൊന്നിയൂർ അറക്കപ്പറമ്പിൽ ഹൗസിൽ അൻസിഫ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് മുൻവശം നിയമ വിരുദ്ധമായി കാറിൽ കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്.
ജൂൺ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണാടക കേരള അതിർത്തിയിൽ നിന്നാണ് ഇവരെ സാഹസികമായി പിടികൂടിയത്. അതിർത്തി വഴി സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അരവിന്ദ്. കാസർഗോഡ്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ഇയാൾക്കെതിരെ മദ്യം, സ്പിരിറ്റ് കടത്തു കേസുകൾ ഉണ്ട്. 28 കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. പൊലീസിനെ കണ്ട് പെട്ടെന്ന് വാഹനം പിന്നോട്ടെടുത്ത് പോകാൻ ശ്രമിക്കവേയാണ് പിടികൂടിയത്. വാഹനം ഓടിച്ചയാൾ കടന്നു കളയുകയായിരുന്നു.
ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ, എസ്.ഐ നസീബ്, എ.എസ്.ഐ അജയൻ, രഞ്ചിത്ത്, ഷാജി, നാസർ, രാജേഷ്, ഷിനോജ്, റമീസ്, ബാബുമണി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments