KeralaLatest NewsNews

നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്താന്‍

വ്യാജ സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപ നല്‍കിയത് പിതാവ്

 

കായംകുളം: മൂന്നുദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയെന്നും ആരും സഹായിച്ചിട്ടില്ലെന്നും വ്യാജ ഡിഗ്രിസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ നിഖില്‍ തോമസിന്റെ മൊഴി. എന്നാല്‍, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ബസ് സ്റ്റാന്‍ഡിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഹരിപ്പാട് സി.ഐ വി.എസ് ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

വീട്ടില്‍നിന്നുള്ള അയ്യായിരം രൂപയും കൊണ്ടാണ് ഒളിവില്‍പ്പോയത്. 250 രൂപ ബാക്കിയായപ്പോഴാണ് കോഴിക്കോട് -തിരുവനന്തപുരം ലോ ഫ്ളോര്‍ ബസില്‍ കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തത്. അടൂരില്‍ സ്റ്റോപ്പില്ലാത്തതിനാലാണ് കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തത്. അവിടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായിരുന്നു നീക്കം. ഒളിവില്‍ പോകുന്നതിനു മുമ്പ് മൊബൈല്‍ ഫോണ്‍ തോട്ടില്‍ ഒഴുക്കിയെന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. സ്ഥിരീകരിക്കാന്‍ കായംകുളം ടൗണിലെ കരിപ്പുഴ തോടിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ എം.എസ്.എം കോളേജ്, കേരള യൂണിവേഴ്സിറ്റി, വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ എറണാകുളത്തെ സ്ഥാപനം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.

എം.എസ്.എം കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യു പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് നിഖില്‍. നിഖിലിനെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചു. ബി.കോം പരാജയപ്പെട്ടതോടെ ഇതിന് ആക്കം കൂടി. ഇത് മറികടന്ന് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്ത് എത്താന്‍ വേണ്ടിയാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചതെന്ന് നിഖില്‍ മൊഴി നല്‍കി. രണ്ടു ലക്ഷം രൂപ നല്‍കിയത് പിതാവാണ്. അബിന്‍രാജിന്റെ മാതാവിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button