മലപ്പുറം: വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർസി ഓണർഷിപ്പ് മാറ്റി നൽകിയ സംഭവത്തിൽ രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റില്‍. എംവിഡി ഉദ്യോഗസ്ഥരായ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കോളനി ആനപ്പാൻ സതീഷ്ബാബു , പൂക്കോട്ടൂർ പുതിയകളത്തിൽ എ ഗീത, മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിരമിച്ച സെക്ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപറമ്പ് ചിത്തിര ഹൗസിൽ അനിരുദ്ധൻ, ആർടിഒ ഏജന്റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
2012-ലാണ് മലപ്പുറം ജോയിന്റ് ആർടിഒ ഓഫീസിൽ നിന്ന് ബൈക്കിന് ആർസി ബുക്ക് നൽകിയത്. എഞ്ചിൻ, ഷാസി നമ്പറുകൾ വ്യാജമായി കൊത്തിയാണ് ആർടിഒ ഏജൻറ് ഉമ്മർ മുഖേന വാഹന ഉടമ ആർസിക്ക് അപേക്ഷിച്ചത്. അരീക്കോട് ഭാഗത്തെ വാഹനക്കച്ചവടക്കാർ വഴി എത്തിയ ബൈക്കാണ് തിരുവനന്തപുരത്തെ മറ്റൊരു ബൈക്കിന്റെ നമ്പറിൽ മലപ്പുറം ജോയിന്റ് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പന്റെ പരാതിയിലാണ് മലപ്പുറം പോലീസ് കേസെടുത്തത്. തന്റെ ബൈക്കിന്റെ അതേ നമ്പറിലുള്ള മറ്റൊരു ബൈക്ക് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതായി കാണിച്ച് നാഗപ്പൻ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ മുഖേന തിരുവനന്തപുരം ആർടിഒയ്‌ക്ക് നൽകിയ പരാതിയിലാണ് നടപടി.
Post Your Comments