കുണ്ടറ: റോട്ട് വീലര്‍ ഇനത്തിൽപെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കുണ്ടറ ഇളമ്പള്ളൂര്‍ സൈന മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന ഇര്‍ഷാദാണ് (33) പിടിയിലായത്. കുണ്ടറ പൊലീസ് ആണ് ഇയാളെ പടികൂടിയത്.
കുണ്ടറ മുക്കടയില്‍ ആണ് സംഭവം. പന്നി ഫാമിലേക്ക് ഫുഡ് വേസ്റ്റ് ശേഖരിക്കുന്നതിനായി എത്തിയ യുവാവിനെ വടിവാള്‍ ചുഴറ്റിയും അക്രമണ സ്വഭാവമുള്ള നായയെ വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചും പണം അപഹരിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുണ്ടറ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധികളിലായി അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ശാസ്താംകോട്ട ഡിവൈ.എസ്.പി.എസ് ഷെരീഫിന്റെ നിർദ്ദേശപ്രകാരം കുണ്ടറ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആര്. രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബി. അനീഷ്, ദീപുപിള്ള, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ അന്‍സര്‍, ആനന്ദ്, ദീപക്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment