
ന്യൂഡല്‍ഹി: ആരോപണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ കൊളീജിയത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്. സംഭവത്തില്‍ തല്‍ക്കാലം പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിളിച്ച യോഗം ധാരണയിലെത്തി.
ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ മടക്കി അയക്കാനുള്ള ശുപാര്‍ശ ഇന്നു ചേര്‍ന്ന കൊളീജിയം അംഗീകരിച്ചു. അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ എതിര്‍പ്പ് കോടതി തള്ളി.
തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്ന് അസോസിയേഷന്‍ വീണ്ടും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സാധാരണ ജഡ്ജിമാര്‍ക്കെതിരെയുള്ള അന്വേഷണ വിവരം രഹസ്യമായി വെയ്ക്കുകയാണ് പതിവ്. അതിനാല്‍ എല്ലാ രേഖകളും പ്രസിദ്ധീകരിച്ചതില്‍ കൊളീജിയത്തിലെ രണ്ടു ജഡ്ജിമാര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.
Post Your Comments