യൂട്യൂബർ തൊപ്പിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്തെ സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസിക്കവെയാണ് നിഹാദിനെ പോലീസ് പിടികൂടിയത്.
ഇന്ന് നിഹാദിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ഹാജരാകാൻ കഴിയില്ലെന്ന് നിഹാദ് മറുപടി നൽകിയതോടെയാണ് പോലീസ് എറണാകുളത്തെത്തി കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിന് പുറത്തെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഇയാൾ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്.
Also Read: സ്കൂൾ ബാഗുകളുടെ ഭാരത്തിന് പ്രത്യേക മാനദണ്ഡം! ഉത്തരവ് പുറത്തിറക്കി കർണാടക വിദ്യാഭ്യാസ വകുപ്പ്
വളാഞ്ചേരിയിലെ ഒരു കടയുടെ ഉദ്ഘാടന വേളയിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് പോലീസിന്റെ നടപടി. ദിവസങ്ങൾക്ക് മുൻപ് നടന്ന ഉദ്ഘാടനം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ഉടൻ തന്നെ നിഹാദിനെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതാണ്. അതേസമയം, കടയുടെ ഉടമയും കേസിൽ പ്രതിയാണ്.
Post Your Comments